* ഉദ്ഘാടനം 28ന് മുഖ്യമന്ത്രി നിർവഹിക്കും
ലീഗൽ മെട്രോളജി വകുപ്പിന് ആസ്ഥാന കാര്യാലയത്തിനും ലാബോറട്ടറിക്കുമായി പുതിയ മന്ദിരം. ഏഴുനിലകളിലായി പണികഴിപ്പിച്ച കെട്ടിടത്തിൽ കൺട്രോളറുടെ കാര്യാലയം, റീജിയണൽ ട്രെയിനിംഗ് സെൻറർ, ഗോൾഡ് പ്യൂരിറ്റി ടെസ്റ്റിംഗ് ലാബ്, സെക്കൻഡറി സ്റ്റാൻഡേഡ് ലബോറട്ടറികൾ, വർക്കിംഗ് സ്റ്റാൻഡേഡ് ലബോറട്ടറികൾ, ആദ്യകാല അളവുതൂക്ക ഉപകരണങ്ങളുടെ മ്യൂസിയം, ലൈബ്രറി, വീഡിയോ കോൺഫറൻസ് ഹാൾ തുടങ്ങിയവ ക്രമീകരിക്കുന്നുണ്ട്.
കൂടാതെ ദക്ഷിണ മേഖലാ ഡെപ്യൂട്ടി കൺട്രോളർ, അസിസ്റ്റൻറ് കൺട്രോളർ, ഫ്ളൈയിംഗ് സ്‌ക്വാഡ് അസിസ്റ്റൻറ് കൺട്രോളർ, സീനിയർ ഇൻസ്‌പെക്ടർ, ഇൻസ്‌പെക്ടർ എന്നിവരും കാര്യാലയങ്ങളും അനുബന്ധ ലാബുകളും ഇവിടേക്ക് മാറ്റും.
പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 28ന് മുഖ്യമന്ത്രി നിർവഹിക്കും. പട്ടത്തെ ആസ്ഥാനത്ത് രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിക്കും. ലീഗൽ മെട്രോളജി ഭവന്റെ താക്കോൽ കൈമാറ്റം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. മേയർ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, ലീഗൽ മെട്രോളജി അസിസ്റ്റൻറ് ഡയറക്ടർ ശൈലേന്ദ്ര സിംഗ്, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ തുടങ്ങിയവർ സംബന്ധിക്കും. ലീഗൽ മെട്രോളജി വകുപ്പ് സെക്രട്ടറി മിനി ആൻറണി സ്വാഗതവും കൺട്രോളർ ഡോ. പി. സുരേഷ്ബാബു നന്ദിയും പറയും.