മുണ്ടേരി സ്‌കൂളിന് ഗെയില്‍ അനുവദിച്ച 1.84 കോടിയുടെ ധാരണപത്രം കൈമാറി

പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ടുകള്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിന് ഇടപെടുമെന്ന് കെ കെ രാഗേഷ് എംപി പറഞ്ഞു. മുണ്ടേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌പോര്‍ട്‌സ് വികസന പരിപാടിയുടെ ഭാഗമായി ഗെയില്‍ അനുവദിച്ച 1.84 കോടി രൂപയുടെ ധാരണ പത്രം കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുണ്ടേരി സ്‌കൂളില്‍ നടക്കുന്ന പ്രവര്‍ത്തനം ഇതിന് മാതൃകയാണ്. ഈ മാതൃകയില്‍ ജില്ലാ പഞ്ചായത്ത് മുഖേന പരമാവധി സ്‌കൂളുകള്‍ക്ക് സിഎസ്ആര്‍ ഫണ്ട് ല്യമാക്കാന്‍ പരിശ്രമിക്കും. ഇതിന് ഏറ്റവും പ്രധാനം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയാണ്. അതിന് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഏജന്‍സികളിലൂടെ തുക സമാഹരിച്ച് സ്‌കൂളിന്റെ ഭൗതിക സാഹചര്യവും ഗുണമേന്മയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി വിവിധ സ്രോതസ്സുകളില്‍ നിന്നായി 32 കോടി രൂപയാണ് കെ കെ രാഗേഷ് എംപിയുടെ നേതൃത്വത്തില്‍ സമാഹരിക്കുന്നത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായി. ഫണ്ട് അനുവദിച്ചതിന്റെ ധാരണ പത്രം ഗെയില്‍ ജനറല്‍ മാനേജര്‍ ടോണി മാത്യു ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന് കൈമാറി. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ പങ്കജാക്ഷന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ മഹിജ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ ടിപി നിര്‍മ്മലാദേവി, പി സി അഹമ്മദ് കുട്ടി, കെ ടി ഭാസ്‌കരന്‍, വി പി അബ്ദുള്‍ ഖാദര്‍, കെ പി ചന്ദ്രന്‍, പി പി ബാബു എന്നിവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍ സ്വാഗതവും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇ രത്‌നാകരന്‍ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് സയന്‍സ് പാര്‍ക്ക് വിപുലീകരണത്തിന്റെ പദ്ധതി രേഖ കെ കെ രാഗേഷ് എംപിക്ക് ചടങ്ങില്‍ കൈമാറി.