ഇടുക്കി: 34 മത് ദേശീയ നേത്രദാന പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചേറ്റുകുഴി മരിയന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാന്‍സി റെജി നിര്‍വഹിച്ചു. നേത്രദാനത്തിന്റെ മഹത്വവും സന്ദേശവും ജനങ്ങളിലെത്തിക്കുകയും നേത്രദാനം പ്രോത്സാഹിപ്പിക്കുകയുമാണ് നേത്രദാന പക്ഷാചരണത്തിന്റെ ലക്ഷ്യമെന്നും മരണശേഷം നശിച്ചുപോകാതെ നമ്മുടെ കണ്ണുകള്‍ മറ്റൊരാള്‍ക്ക് കാഴ്ചയേകുന്ന പുണ്യ പ്രവൃത്തിയാണ് നേത്രദാനത്തിലൂടെ സാധ്യമാകുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

സെപ്റ്റംബര്‍ 8 വരെ നടക്കുന്ന നേത്രദാന പക്ഷാചരണ പരിപാടിയുടെ ഭാഗമായി സൗജന്യ നേത്രപരിശോധനാ ക്യാമ്പുകള്‍, നേത്രദാന പ്രതിജ്ഞ, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. ചേറ്റുകുഴി മരിയന്‍ പള്ളി വികാരി ഫാ. വര്‍ഗീസ് പള്ളിക്കല്‍
യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. വാഹനാപകടത്തില്‍ മരണമടഞ്ഞെങ്കിലും അവയവദാനത്തിലൂടെ ഏഴു  വ്യക്തികളായി ഇപ്പോഴും ജീവിക്കുന്ന വണ്ടന്‍മേട് ചേറ്റുകുഴി കരിമ്പനയ്ക്കല്‍ നിബിയമേരി ജോസഫിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരവിതരണവും ഇതോടൊപ്പം നടന്നു.

പക്ഷാചരണഭാഗമായി വണ്ടര്‍മേട് ഗ്രാമപഞ്ചായത്തിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി ക്ലാസുകളിലെ
വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വിവിധ മത്സര വിജയികള്‍ക്കാണ് നിബിയ സ്മാരക പുരസ്‌കാരം നല്കിയത്. നേത്രദാനത്തിന്റെ ആവശ്യകത, നേത്രരോഗങ്ങള്‍, നേത്രപരിചരണം എന്നിവ സംബന്ധിച്ച്   എന്‍.ബി.സി.പി നോഡല്‍ ഓഫീസര്‍  ഡോ.സുരേഷ് വര്‍ഗീസ് എസ്  മുഖ്യപ്രഭാഷണം നടത്തി.
വണ്ടന്‍മേട് ഗ്രാമപഞ്ചായത്തംഗം സുരേഷ് മാനങ്കേരി നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വണ്ടന്‍മേട് ഗ്രാമപഞ്ചായത്തംഗം രാജാ മാട്ടുക്കാരന്‍, ഡോ.ജോബിന്‍.ജി.ജോസഫ്, ഡെപ്യൂട്ടി ഡി.ഇ.എം.ഒ ജെയിംസ് സി.ജെ, ഡോ. കെ.ഇ സെബാസ്റ്റ്യന്‍, ഡോ.ഷേര്‍ളി മാത്യു, ആന്റണി കെ.റ്റി, ഔസേപ്പച്ചന്‍ ചേറ്റുകുഴി, തുടങ്ങിയവര്‍ സംസാരിച്ചു.  പുറ്റടി ഹോളിക്രോസ് കോളേജ് ടീം അവതരിപ്പിച്ച നേത്രദാന സന്ദേശ ഗാനം ശ്രദ്ധേയമായി. ജില്ലാ മാസ് മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി സ്വാഗതവും ജില്ലാ ക്യാമ്പ് കോ- ഓര്‍ഡിനേറ്റര്‍ വി.കെ.മണിയമ്മ നന്ദിയും പറഞ്ഞു.