ഇടുക്കി: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ചേറ്റുകുഴി മരിയന്‍ സെന്ററില്‍ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനക്യാമ്പ് പ്രയോജനപ്പെടുത്തിയത് 300 പേര്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ നേത്രരോഗ വിദഗ്ദരായ ഡോ. രമ്യ ആര്, ഡോ. മെറിന് ജോര്‍ജ്, ഡോ. ഷൈബക് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ 16- ഓളം ടെക്നീഷ്യന്മാര് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് നേത്ര പരിശോധന നടത്തിയത്.
ആവശ്യമായ നേത്രരോഗികള്‍ക്ക് കംപ്യൂട്ടര്‍ പരിശോധനയും നടത്തി. കണ്ണട ആവശ്യമായവര്‍ക്ക് മിതമായ നിരക്കില്‍ കണ്ണട നല്കി. ക്യാമ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട തിമിര രോഗികള്‍ക്ക് സെപ്തംബര്‍ 15 ന് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ സൗജന്യ ശസ്ത്രക്രിയ നടത്തും. കട്ടപ്പന താലൂക്ക് ആശുപത്രിയുടെയും വണ്ടന്മേട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ജീവിത ശൈലീരോഗനിര്‍ണ്ണയവും ക്യാമ്പിന്റെ ഭാഗമായി നടന്നു.