കൊച്ചി: സംസ്ഥാനത്തെ മഴക്കെടുതിയിലും പ്രളയദുരന്തത്തിലും പഠന സാമഗ്രികള്‍ നഷ്ടപ്പെട്ട മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഏഴ് ലക്ഷം രൂപയുടെ പഠനോപകരണങ്ങള്‍ എറണാകുളം സമഗ്രശിക്ഷ പ്രോജക്ടിന്റെ നേതൃത്വത്തില്‍ ശേഖരിച്ച് വിതരണം ചെയ്തു. ജില്ലയിലെ 15 ബി.ആര്‍.സികളില്‍ നിന്നും ജില്ലാ കാര്യാലയത്തില്‍ നിന്നുമായി ശേഖരിച്ച സ്‌കൂള്‍ ബാഗുകള്‍, ബുക്കുകള്‍, പെന്‍സില്‍, പേന, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, ചോറ്റുപാത്രം എന്നിവ അടങ്ങിയ പഠനസഹായ കിറ്റുകളാണ് മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി എസ്.എസ്.കെ പ്രോജക്റ്റിലൂടെ കണ്ടെത്തിയത്. കിറ്റുകള്‍ക്ക് പുറമെ 21,000 നോട്ടു ബുക്കുകളും ശേഖരിച്ച് കൈമാറി. പ്രവര്‍ത്തനത്തില്‍ എസ്.എസ്.കെ യുടെ അഞ്ഞൂറോളം ജീവനക്കാര്‍, അധ്യാപകര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കാളികളായി. എറണാകുളത്തു നിന്നും മലപ്പുറത്തേക്കുള്ള വിഭവ സമാഹരണ വാഹനം എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസര്‍ സജോയ് ജോര്‍ജ് ഫഌഗ് ഓഫ് ചെയ്തു. എസ്.എസ്.കെ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ സന്ധ്യ എ, അധ്യാപകര്‍, ജീവനക്കാര്‍, എസ്.ആര്‍.വി(ഡി) എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.