വലിയതുറ ഫിഷറീസ് സ്‌കൂളിന്റെ പുതിയ അക്കാദമിക് ബ്ളോക്ക് ഉദ്ഘാടനം ചെയ്തു

തീരസംരക്ഷണത്തിന്  സർക്കാർ മുൻഗണന നൽകുന്നതായി ഫിഷറീസ്, ഹാർബർ എൻജിനീയറിങ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വലിയതുറ ഗവ. റീജ്യണൽ ഫിഷറീസ് ടെക്നിക്കൽ ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ അക്കാദമിക് ബ്ളോക്കിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കടലാക്രമണം തടയുന്നതിനായി പൂന്തുറ മുതൽ ശംഖുമുഖം വരെ ഓഫ്ഷോർ ബ്രേക്ക്വാട്ടർ നിർമാണം തുടങ്ങും.  ഓഫ്ഷോർ ബ്രേക്ക് വാട്ടർ മത്സ്യസമ്പത്തിന്റെ അളവും വർധിപ്പിക്കും. തീരത്തിന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി 1398 കോടിയുടെ പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുന്നത്. തീരദേശമേഖലയിലെ വിദ്യാഭ്യാസരംഗത്തും സർക്കാർ സജീവമായി ഇടപെടുന്നു. ഇതിന്റെ ഭാഗമായി പത്ത് ഫിഷറീസ് സ്‌കൂളുകളെ ദേശീയനിലവാരത്തിലേക്ക് ഉയർത്താനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ മത്സ്യബന്ധനോപകരണങ്ങളുടെ ഉടമകളാക്കുകയാണ് സർക്കാരിന്റെ മറ്റൊരു ലക്ഷ്യം  മത്സ്യത്തൊഴിലാളികളുടെ പാർപ്പിടം, തൊഴിൽ, വിദ്യാഭ്യാസം, കായികം തുടങ്ങിയ മേഖലകളിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാനായതായും മന്ത്രി പറഞ്ഞു.
വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന തീരദേശവികസന കോർപ്പറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ പി.ഐ. ഷെയ്ഖ് പരീത് റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർ ബീമാപ്പള്ളി റഷീദ്. മത്സ്യത്തൊഴിലാളി യൂണിയൻ നേതാക്കളായ ഇ.കെ. കെന്നഡി, ഹഡ്സൺ ഫെർണാണ്ടസ്, ഓസ്റ്റിൻ ഗോമസ്, വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മനോജ് കുമാർ.സി, വി.എച്ച്.എസ് ഇ പ്രിൻസിപ്പൽ സാബു ജോയ്.സി, പിടിഎ പ്രസിഡന്റ് ലീൻ സേവ്യർ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ജയശ്രീ.കെ തുടങ്ങിയവർ സംസാരിച്ചു. ഫിഷറീസ് ഡയറക്ടർ വെങ്കടേസപതി സ്വാഗതവും ജോയിന്റ് ഡയറക്ടർ എച്ച്.സലിം നന്ദിയും പറഞ്ഞു.  466 ലക്ഷം രൂപ അടങ്കൽ തുകയിലാണ് അക്കാദമിക് ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.  രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ ഉൾപ്പെടെ അഞ്ച് ക്ലാസ് മുറികൾ, 10 ലാബുകൾ, ലൈബ്രറി, ഓഫീസ്, സ്റ്റാഫ് റൂമുകൾ, ടോയ്‌ലെറ്റുകൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.