കായിക വിനോദ മേഖലക്ക്  സാധ്യതകള്‍ കൂടുതലുള്ള ജില്ലയാണ് ഇടുക്കി എന്നും ടൂറിസവും കായികവും ഒരുമിക്കുന്ന  പദ്ധതികള്‍ നടപ്പാക്കുന്നത്  കായിക വിനോദ മേഖലയുടെ  വളര്‍ച്ച വേഗത്തിലാക്കുമെന്നും ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വാര്‍ഷിക  പൊതു യോഗവും കായിക പ്രതിഭകളെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയില്‍ വേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക്  ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പും കളക്ടര്‍ നല്‍കി.  ജില്ലയില്‍ നിന്ന് അന്താരാഷ്ട്ര തലത്തില്‍ മികവ് തെളിയിച്ച കായിക പ്രതിഭകളായ ബിബിന്‍ ജോയ്, അജിത് പി ജോയ്, നീനു വര്‍ഗീസ്, എന്നിവരെ കളക്ടര്‍ ഉപഹാരം നല്കി ആദരിച്ചു.

ഗ്രാമീണ മേഖലയില്‍ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ കായിക രംഗത്ത് ജനകീയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതം നീക്കിവെയ്ക്കണം. ഇതുവഴി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും അന്താരാഷ്ട്ര നിലവാരത്തോടു  കൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നും യോഗത്തിന് അധ്യക്ഷത വഹിച്ച ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ പറഞ്ഞു. സ്പോര്‍ട്സ് കൗണ്‍സിലിന്റെ കഴിഞ്ഞ വര്‍ഷത്തെ  ചെലവു കണക്കും അവസാനയോഗത്തിന്റെ മിനിറ്റ്സും വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു.

യോഗത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്  എം സുകുമാരന്‍, സെക്രട്ടറി എസ് രാജേന്ദ്രന്‍ നായര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്കുള്ള ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധിയും മുന്‍ പ്രസിഡന്റുമായ കെ.എല്‍ ജോസഫ്, ദ്രോണാചര്യ കെ.പി തോമസ്,   അനസ് ഇബ്രാഹിം , അബ്ദുള്‍സലാം പി ഖാദര്‍ , എല്‍. മായദേവി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, കായികാ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.