അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉത്തരവാദ ടൂറിസം പദ്ധതിയുടെ ഭാഗമായി ഫോട്ടോപ്രദര്‍ശന മത്സരം സംഘടിപ്പിച്ചു. അടിമാലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ പ്രകൃതിഭംഗി പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു പ്രദര്‍ശിപ്പിച്ചത്. മച്ചിപ്ലാവ് തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം, ഒഴിവത്തടം തലമാന്‍കുത്ത്, പെട്ടിമുടിയിലെ പുലര്‍കാല ദൃശ്യം, ഇരുമ്പ്പാലം  മുനിയറ പരിശക്കല്ല്, പരിശക്കല്ല് പാര്‍വ്വതി സ്വയംഭൂക്ഷേത്രം, മച്ചിപ്ലാവിലെ ഈറ്റ-മുള കുടില്‍ വ്യവസായം, പൊറ്റാസ് ഫാം ടൂറിസം, കൊരങ്ങാട്ടി മലനിരകളില്‍ നിന്നുള്ള അടിമാലിയുടെ ആകാശ ദൃശ്യം തുടങ്ങി അടിമാലിയുടെ പൈതൃകവും പ്രകൃതി സൗന്ദര്യവും ഒപ്പിയെടുത്ത നിരവധി ക്യാമറ കാഴ്ചകള്‍ സന്ദര്‍ശകരില്‍ കൗതുകമുണര്‍ത്തി. അധികമാരും കടന്നു ചെല്ലാത്ത അടിമാലി ആദിവാസിമേഖലകളിലെ ചിത്രങ്ങളും പ്രദര്‍ശനത്തെ വ്യത്യസ്തമാക്കി.

പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളെ  ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കുക, കാര്‍ഷിക- മൃഗസംരക്ഷണ-വിനോദ സഞ്ചാര മേഖലകളുടെ വികസനം, ആദിവാസികളുടേതുള്‍പ്പെടെയുള്ള പരമ്പരാഗത കലകള്‍, ഹോം സ്റ്റേകളിലെ താമസം, നാടന്‍ ഭക്ഷണങ്ങള്‍,  വ്യൂപോയിന്റുകള്‍ എന്നിവ  ഉത്തരവാദ ടൂറിസം പദ്ധതിയിലൂടെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ്  പഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നത്. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെയും വെബ്സൈറ്റുകളിലൂടെയും അടിമാലിയിലെ വേറിട്ട കാഴ്ചകളും, വിവിധ സ്ഥലങ്ങളും ലോകത്തിനു പരിചയപ്പെടുത്താനും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു.

ഉത്തരവാദ ടൂറിസത്തിന്റെ ഭാഗമായി ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, ടൂറിസം ലോഗോ മത്സരം,  വീഡിയോ പ്രദര്‍ശനം  തുടങ്ങി വിവിധ പരിപാടികളും  സംഘടിപ്പിച്ചിട്ടുണ്ടണ്‍്. മികച്ച ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമുള്ള സമ്മാനങ്ങള്‍ ഇന്ന് (30.08.2019) ഉച്ചയ്ക്ക് രണ്ടണ്‍ു മണിക്ക് ഗ്രാമപഞ്ചായത്ത് ടൗണ്‍ഹാളില്‍ നടക്കുന്ന യോഗത്തില്‍ വിതരണം ചെയ്യും. അടിമാലി പഞ്ചായത്ത് ടൗണ്‍ഹാളില്‍ നടന്ന ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ രാജിവ് നിര്‍വഹിച്ചു. ടൂറിസം കോര്‍ഡിനേറ്റര്‍ കെ.എസ് സിയാദ്, വൈസ് പ്രസിഡന്റ് എം.പി വര്‍ഗീസ്, പഞ്ചായത്തംഗങ്ങളായ എം.എന്‍ ശ്രീനിവാസ്, മേരി യാക്കോബ്, പ്രിന്‍സി മാത്യു തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.