സച്ചിൻ മുഖ്യാതിഥി, സിബിഎൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളിയും പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളുടെ ഉദ്ഘാടനവും ഓഗസ്റ്റ് 31 നടക്കും.  പുന്നമട കായലിൽ നടക്കുന്ന പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 67-ാമത് നെഹ്റു ട്രോഫി വള്ളംകളി ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ മുഖ്യാതിഥിയാവും. ധനമന്ത്രി തോമസ് ഐസക്ക്, പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ, സ്പീക്കർ ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജില്ലയിലെ എംപിമാർ, എംഎൽഎമാർ ഉൾപ്പടെയുള്ള പ്രമുഖർ ജലമേള കാണാനായെത്തും. രണ്ട് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ നടക്കും. ഫൈനൽ മത്സരം വൈകിട്ട് നാല് മുതൽ അഞ്ച് മണി വരെയാണ്. ഫൈനൽ മത്സരങ്ങൾ രാജ്യാന്തര തലത്തിൽ തത്സമയ സംപ്രേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. ഉച്ചക്ക് ഒന്ന് മുതൽ രണ്ട് വരെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സാംസ്‌കാരിക പരിപാടികളും നടക്കും. ഹരിത ചട്ടം പൂർണ്ണമായി പാലിച്ചാണ് ഇത്തവണത്തെ വള്ളംകളി. ഇതോടൊപ്പം വള്ളംകളി കാണാനെത്തുന്ന മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, കുട്ടികൾ എന്നിവരെ സഹായിക്കുന്നതിനായി പ്രത്യേകം നിറങ്ങളിലുള്ള യൂണിഫോം അണിഞ്ഞ വളണ്ടിയർമാരെയും സജ്ജമാക്കിയിട്ടുണ്ട്. വള്ളംകളിയോടനുബന്ധിച്ച് ജില്ലയിലെത്തുന്നവർക്ക് ആകാശ യാത്ര നടത്തുന്നതിനായി ഡിറ്റിപിസിയുടെ നേതൃത്വത്തിൽ ഹെലികോപ്റ്റർ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. ഇതിൽ നിന്നും ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.
79 ജലരാജാക്കന്മാരാണ് ഇക്കുറി നെഹ്‌റു ട്രോഫിയിൽ മാറ്റുരയ്ക്കുന്നത്. ചുണ്ടൻ മത്സരയിനത്തിൽ 20 വള്ളങ്ങളും പ്രദർശന മത്സരത്തിൽ 3 വള്ളങ്ങളും ഉൾപ്പടെ 23 ചുണ്ടൻവള്ളങ്ങൾ മാറ്റുരയ്ക്കും. കൂടാതെ വെപ്പ് എ വിഭാഗത്തിൽ 10 വള്ളങ്ങളും വെപ്പ് ബി വിഭാഗത്തിൽ 6 വള്ളങ്ങളും ഇരുട്ടുകുത്തി എ ഗ്രേഡ് നാലു വള്ളങ്ങളും ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ 16 വള്ളങ്ങളും ഇരുട്ടുകുത്തി സി ഗ്രേഡ് വിഭാഗത്തിൽ 10 വള്ളങ്ങളും 4 ചുരുളൻ വള്ളങ്ങളും 6 തെക്കനോടി വള്ളങ്ങളും ഉൾപ്പെടെ 56 ചെറുവള്ളങ്ങൾ ആണ് മത്സരരംഗത്തുള്ളത്. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരങ്ങളോടെ ജലമേളയുടെ ട്രാക്കുണരും.
ചുണ്ടൻ വള്ളങ്ങളുടെ ആറു ഹീറ്റ്‌സ് മത്സരങ്ങളും ഒരു പ്രദർശന മത്സരവുമാണുള്ളത്. ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങളെല്ലാം ഉച്ചകഴിഞ്ഞാണ്. ചുണ്ടൻവള്ളങ്ങളുടെ ആദ്യത്തെ നാല് ഹീറ്റ്‌സിൽ മൂന്നുട്രാക്കുകളിലും അവസാനത്തെ രണ്ട് ഹീറ്റ്‌സിൽ നാല് ട്രാക്കുകളിലുമാണ് മത്സരം.  മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിയിൽ മുത്തമിടാൻ മത്സരിക്കുക. എല്ലാ പവലിയനുകളിലും സി.സി.ടി.വി നിരീക്ഷണത്തിന് പ്രത്യേക കണ്ട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ പോലെ തന്നെ കുറ്റമറ്റ രീതിയിലുള്ള സ്റ്റാർട്ടിംഗ് സംവിധാനമാണ് ഇത്തണവയും.

സംരക്ഷണത്തിനായി 25 ലൈഫ് ഗാർഡുകൾ

ആലപ്പുഴ: പുന്നമട ജലമേളയോടനുബന്ധിച്ച് വെള്ളത്തിലുണ്ടാകുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് 25 ലൈഫ് ഗാർഡുകളെ നിയോഗിച്ചു. ധനമന്ത്രി ടി.എം.തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ കളക്ടട്രേറ്റിൽ കൂടിയ അവസാനവട്ട അവലോകന യോഗത്തിലാണ് തീരുമാനം. പൊലീസിന്റെ നേതൃത്വത്തിലാണ് ഇവർ പ്രവർത്തിക്കുക. വെള്ളത്തിൽ ചാടിയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഫയർഫോഴ്‌സിൻരെ 85 ടീമുകളും രംഗത്തുണ്ടാകും.ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഗാന്ധി 150, ആലപ്പുഴ ശുചിത്വ പ്രതിജ്ഞ എടുക്കുന്നു എന്ന ബോർഡ് സ്ഥാപിക്കണമെന്ന് ശുചിത്വമിഷന് ധനമന്ത്രി നിർദ്ദേശം നൽകി. യോഗത്തിന് ശേഷം മന്ത്രി നെഹ്‌റുട്രോഫി ഫിനിഷിങ് പോയിന്റ്, നെഹ്‌റുപവലിയൻ, സ്റ്റാർട്ടിങ് പോയിന്റ് എന്നിവിടങ്ങൾ സന്ദർശിച്ചു.

ആലപ്പുഴ നഗരസഭാ പരിധിയിൽ ഇന്ന് പ്രാദേശിക അവധി

ആലപ്പുഴ:      67-മത് നെഹ്‌റുട്രോഫി ജലമേള ഇന്ന് (ഓഗസ്റ്റ്  31) നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വള്ളംകളി നടക്കുന്ന ആലപ്പുഴ മുൻസിപ്പാലിറ്റി പരിധിയിൽ പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകളുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ ആലപ്പഴ വിദ്യാഭ്യാസ ഉപഡയറക്ടറും, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറും, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, ഹയർസെക്കണ്ടറി എഡ്യൂക്കേഷനും സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.