ഖാദി വ്യവസായത്തിലെ പ്രതിസന്ധി മാറ്റാന്‍  നവംബര്‍ മാസത്തോടെ പ്രത്യേക പദ്ധതികള്‍: മന്ത്രി ഇ പി ജയരാജന്‍
 
 
ഇന്ത്യന്‍ ദേശീയതയുടെ മുഖമായ ഖാദി മേഖല നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ നവംബര്‍ മാസത്തോടെ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ഇതിനായുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നുവരികയാണ്. മേഖലയില്‍ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ഖാദി തൊഴിലാളികളുടെ പുതുക്കിയ മിനിമം വേതന വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇന്‍കം സപ്പോര്‍ട്ട് ഇനത്തില്‍ ഇതുവരെ 18 കോടി രൂപ അനുവദിച്ചു. ഓണത്തോടനുബന്ധിച്ച് ഇന്‍കം സപ്പോര്‍ട്ട് ഇനത്തില്‍ 11 കോടി രൂപയാണ് അനുവദിച്ചത്. കൂടാതെ പ്രൊഡക്ഷന്‍ ഇന്‍സന്റീവ് ഇനത്തില്‍ ഖാദി തൊഴിലാളികള്‍ക്ക് 3.5 കോടി രൂപയും ഖാദി റിബേറ്റിനത്തില്‍ 10 കോടി രൂപയും നല്‍കിയതായി മന്ത്രി പറഞ്ഞു.
ഖാദി മേഖലയുടെ വികസനത്തിനായി വിപുലമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പ്രതിസന്ധിയിലായ ഈ പരമ്പരാഗത മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ സ്വീകരിച്ച നടപടികള്‍ ഫലം കാണുന്നുണ്ട്. വ്യവസായത്തിന്റെ പുരോഗതിയുടെ ഭാഗമായി സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത് തൊഴിലാളികളുടെ ഉന്നമനത്തിനാണ്. അതിനാലാണ് 2011 ശേഷം പരിഷ്‌കരിച്ചിട്ടില്ലാത്ത ഖാദി  തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചത്. ഇതുവഴി മിനിമം കൂലിയില്‍ 40 ശതമാനം വര്‍ധന ലഭിക്കും.
 ഇതുകൂടാതെ 18.30 കോടി രൂപ ഖാദി തൊഴിലാളികള്‍ക്ക് ഉത്സവ ബത്തയും ഇന്‍സന്റീവുമായി അനുവദി ച്ചതായും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റ ഇടപെടല്‍ ഈ മേഖലയില്‍ 60 ശതമാനം ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സഹായകമായി. ഇതുവഴി 3384 പേര്‍ക്ക് തൊഴില്‍ നല്‍കി. സമീപ ഭാവിയില്‍ തന്നെ കൂടുതല്‍ ഉല്‍പാദന വിതരണ യൂണിറ്റുകള്‍ സ്ഥാപിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. ഗ്രാമവ്യവസായ യൂണിറ്റുകള്‍ക്കുള്ള സബ്സിഡി വിതരണം സി കൃഷ്ണന്‍ എംഎല്‍എ യും നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷും നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേര്‍സണ്‍ ശോഭന ജോര്‍ജ്, എഡിഎം ഇ പി മേഴ്സി, കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സെക്രട്ടറി ശരത് വി രാജ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, ഖാദി ബോര്‍ഡ് അംഗങ്ങള്‍, വിവിധ തൊഴിലാളി സംഘടന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.