ഓണാഘോഷം ഹരിതചട്ടം പാലിച്ചാകണം: മന്ത്രി എ സി മൊയ്തീന്‍


കൊല്ലം: ആശ്രാമം തങ്ങള്‍കുഞ്ഞ് മുസലിയാര്‍ പാര്‍ക്ക് മന്ത്രി എ സി മൊയ്തീന്‍ നാടിന് സമര്‍പ്പിച്ചു. നാടിന്റെ നാളെയക്കുറിച്ച് ചിന്തയുള്ള ക്രാന്തദര്‍ശിയായിരുന്ന തങ്ങള്‍കുഞ്ഞ് മുസലിയാരുടെ നാമധേയത്തില്‍ ഒരു പാര്‍ക്ക് യാഥാര്‍ത്യമാകുന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.

ഓണാഘോഷങ്ങള്‍ ഹരിതചട്ടം പാലിച്ച് നടത്താനും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ശ്രദ്ധിക്കണം. സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളും സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളും ഇനിയും സ്ഥാപിക്കേണ്ടതുണ്ട്. മാലിന്യ സംസ്‌കരണത്തെ സംബന്ധിച്ചുള്ള ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരണം. മാലിന്യനീക്കം നടക്കണമെന്ന് ശഠിക്കുകയും പ്ലാന്റുകളെ എതിര്‍ക്കുന്ന രീതിയും മാറ്റപ്പെടണമെന്നും മന്ത്രി പറഞ്ഞു.

പി വി സി ഫ്‌ളക്‌സുകളുടെ  നിരോധനം ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പകരം തുണികൊണ്ടുള്ള ഫ്‌ളക്‌സുകള്‍ ഉപയോഗിച്ച് പരിസ്ഥിതിയെ സംരക്ഷിക്കാന്‍ നമ്മള്‍ തയ്യാറാവണം. ജനകീയ മുന്നേറ്റത്തിലൂടെ മാലിന്യ നിര്‍മാര്‍ജനം കൂടുതല്‍ ഫലപ്രദമായി സാധ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.

മേയര്‍ വി രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, എം നൗഷാദ് എം എല്‍  എ, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, കോര്‍പ്പറേഷന്‍ ജനപ്രതിനിധികളായ എസ് ഗീതാകുമാരി, ചിന്ത എല്‍ സജിത്, ഷീബ ആന്റണി, എ കെ ഹഫീസ്, ഹണി, രവീന്ദ്രന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി കെ ഹരികുമാര്‍, ഷഹാല്‍ ഹസന്‍ മുസലിയാര്‍,  സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി ജെ അജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അമൃത് പദ്ധതി പ്രകാരം 270 കോടി രൂപയുടെ വിവിധ പദ്ധതികളാണ് നടന്നു വരുന്നത്. ഇതില്‍ 1.17 കോടി രൂപ ചെലവിലാണ് ടി കെ എം പാര്‍ക്ക് പൂര്‍ത്തിയായത്.