കൊച്ചി: ഹോമിയോപ്പതി വകുപ്പിന്റെ വന്ധ്യതാ ചികിത്സാ  പദ്ധതിയായ ജനനി എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയിൽ  ആരോഗ്യ- ആയുഷ് – സാമൂഹ്യനീതി – വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അനുവദിച്ച അൾട്രാസൗണ്ട് സ്കാനിംഗ് മെഷീന്റെയും  ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ ഫണ്ട് ഉപയോഗിച്ച് ശീതീകരിച്ച യോഗ കം കോൺഫറൻസ്  ഹാളിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.

ആയുഷ് മേഖലയിൽ വലിയ മാറ്റത്തിനാണ് സർക്കാർ ശ്രമിക്കുന്നത്.  വന്ധ്യതാ  റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മാണം കണ്ണൂരിൽ പുരോഗമിക്കുകയാണ്.   ചിലവേറിയ വന്ധ്യതാ  ചികിത്സ ജനനിയിലൂടെ പൊതു ജനസൗഹൃദമായി. സ്ത്രീ- പുരുഷ വന്ധ്യത്യയ്ക്ക് ജനനിയിൽ ചികിൽസ ലഭ്യമാണ്. അലോപ്പതി മേഖലയിൽ എല്ലാ മെഡിക്കൽ കോളേജുകളിലും വന്ധ്യതാ ചികിൽസാ വിഭാഗം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കുട്ടികളില്ലാതെ വിഷമിക്കുന്ന സാധാരണക്കാരായ ദമ്പതിമാർക്ക് കുറഞ്ഞ ചെലവിൽ ഫലപ്രദമായ വന്ധ്യതാ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോമിയോപ്പതി വകുപ്പ് ജനനി പദ്ധതി ആരംഭിച്ചത്.

ആഴ്ച്ചയിൽ 6 ദിവസവും ക്ലിനിക്ക് പ്രവർത്തിക്കുമെന്നും ചികിൽസ പൂർണ്ണമായും സൗജന്യമാണെന്നും ആവശ്യമായ പരിശോധനകൾ കുറഞ്ഞ നിരക്കിൽ ആശുപത്രിയിൽ തന്നെ ചെയ്യാൻ സാധിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ലീനാ റാണി പറഞ്ഞു. ചികിൽസ തേടുന്ന ദമ്പതിമാർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം ഫോൺ നമ്പർ 0484 2401016

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം പി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.  അബ്ദുൾ മുത്തലിബ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജാൻസി ജോർജ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ സി.കെ അയ്യപ്പൻകുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അയ്യമ്പിള്ളി ഭാസ്കരൻ, റോസ്മേരി ലോറൻസ്, ശാരദാ മോഹൻ, ബേസിൽ പോൾ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ആർ. ജയ നാരായണൻ, ജനനി സംസ്ഥാന കൺവീനർ ഡോ. എസ്. ശ്രീവിദ്യ  , നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നുമ്പേലി, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ജെ ബോബൻ തുടങ്ങിയവർ പങ്കെടുത്തു.