ഇടുക്കി: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ഓണം ഖാദി മേള ഇടുക്കി കളക്ടറേറ്റില്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ആദ്യവില്പന ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ എന്‍.ബി ബിജുവിന് ജില്ലാ കളക്ടര്‍ കൈമാറി. ഖാദി ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിനായി പ്രത്യേക സ്റ്റാളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് ഉണ്ട്. കൂടാതെ വിവിധ തരത്തിലുള്ള ഗ്രാമ വ്യവസായ ഉല്പന്നങ്ങളും ലഭ്യമാണ്. ജില്ലയുടെ വിവിധയിടങ്ങളില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ സ്റ്റാളുകള്‍ ആരംഭിച്ചിട്ടുണ്ട്. 1000 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന ഓരോ പര്‍ച്ചേയ്‌സിനും ആഴ്ചതോറും നറുക്കെടുപ്പിലൂടെ 3000, 2000, 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ നല്‍കി വരുന്നു. ബമ്പര്‍ നറുക്കെടുപ്പിലൂടെ 27 പവന്‍ സ്വര്‍ണ്ണനാണയം സമ്മാനം നല്‍കും. സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള ഖാദി വസ്ത്രങ്ങള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി കടമായി ഇവിടെ നിന്നും വാങ്ങാവുന്നതാണ്. കളക്ടറേറ്റില്‍ സെപ്റ്റംബര്‍ 6 വരെ മേള ഉണ്ടായിരിക്കും. ജില്ലയില്‍ വിവിധയിടങ്ങളിലുള്ള മേള സെപ്റ്റംബര്‍ 10-നാണ് അവസാനിക്കുന്നത്.
