ഇടുക്കി: സേവനങ്ങളിലും പൊതുജനങ്ങള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങളും ഗുണനിലവാര മികവിനുള്ള രാജ്യാന്തര അംഗീകാരമായ ഐഎസ്ഒ 9001-2015 പദവി ലഭിച്ച് പുറപ്പുഴ ഗ്രാമപഞ്ചായത്ത്. ഐഎസ്ഒ  നേട്ടത്തിന്റെ  ഔദ്യോഗിക പ്രഖ്യാപനം പിജെ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. പരിപാടിയില്‍ ആശ്രയ വീടിന്റെ താക്കോല്‍ദാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണും 2019-20 ജനകീയാസൂത്രണം കാര്‍ഷിക പദ്ധതികളുടെ ഉദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസും നിര്‍വഹിച്ചു.  ഡീന്‍ കുര്യാക്കോസ് എം പി മുഖ്യ പ്രഭാഷണം നടത്തി.

പൊതുജനങ്ങള്‍ക്ക് ആവശ്യമായ സംവിധാനങ്ങള്‍, മെച്ചപ്പെട്ട ഫ്രണ്ട് ഓഫീസ് സംവിധാനങ്ങള്‍, പഞ്ചായത്തിലെ ജീവനക്കാര്‍ക്കായുള്ള മെച്ചപ്പെട്ട സൗകര്യങ്ങള്‍, ടെലിവിഷന്‍, ഫയര്‍ എക്സ്റ്റിന്‍ഗ്യുഷറുകള്‍, സൈന്‍ ബോര്‍ഡുകള്‍, ഫയലുകള്‍ സൂക്ഷിക്കുന്നതിനായി ഉള്ള റെക്കോര്‍ഡ് റൂം തുടങ്ങി പൗരാവകാശ രേഖയില്‍ പറയുന്ന സേവനങ്ങള്‍ എല്ലാം പൊതുജനങ്ങള്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കും ലഭ്യമാക്കിയതിനെ തുടര്‍ന്നാണ് പഞ്ചായത്തിന് ഐ എസ് ഒ അംഗീകാരം ലഭിച്ചത്. ചടങ്ങില്‍ കുടുംബശ്രീ മിഷന്റെ കീഴില്‍ 4 ലക്ഷം രൂപ മുതല്‍മുടക്കി നിര്‍മിച്ച ആശ്രയ വീട് ഗുണഭോക്താവായ അമ്മിണി പുതുതറക്ക് കൈമാറി. ചടങ്ങില്‍ പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലികുട്ടി മാണി അധ്യക്ഷയായിരുന്നു. പുറപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെനീഷ്  മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ലീലമ്മ ജോസ്,  ജിമ്മി മറ്റത്തിപ്പാറ, പഞ്ചായത്ത് സെക്രട്ടറി കെ എസ് കിഷോര്‍ തുടങ്ങിയവര്‍ സംസാരിച്ചു.