ഇന്ത്യയിലെല്ലായിടത്തും ആനുകൂല്യങ്ങള്‍
ലഭിക്കാന്‍ ഭിന്നശേഷിക്കാര്‍ക്ക് യൂണിവേഴ്‌സല്‍ കാര്‍ഡ്
കാക്കനാട്: ഇന്ത്യയിലെ ദളിതരും പീഢിതരും അശരണരുമായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കു കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണെന്ന് കേന്ദ്ര സഹമന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജര്‍. രാഷ്ട്രീയ വയോശ്രീയോജന പദ്ധതിപ്രകാരം 60വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ഉപകരണ വിതരണ ക്യാമ്പ് തൃക്കാക്കര മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് ഇന്ത്യയില്‍ എല്ലായിടത്തും ഒരുപോലെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള യൂണിവേഴ്‌സല്‍ കാര്‍ഡ് ലഭ്യമാക്കും. അര്‍ഹരായവരെ കണ്ടെത്തി അറിയിച്ചാല്‍ കേരളത്തില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. ഭിന്നശേഷി ഉള്ളവര്‍ക്കായി ഒരു യൂണിവേഴ്സല്‍ ഐഡി കാര്‍ഡ് രൂപീകരിക്കുന്നതു വഴി ഇന്ത്യയിലെവിടെയും ഒരേ ആനുകൂല്യങ്ങള്‍ അവര്‍ക്കു ലഭ്യമാക്കാനാകുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ റാംപ് പോലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കും ഈ സ്ഥലങ്ങളില്‍ എത്തിച്ചേരുന്നതിനുള്ള ആക്‌സസബിള്‍ ഇന്ത്യ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഭിന്നശേഷിക്കാര്‍ക്കായി മികച്ച നിലവാരമുള്ള ഉപകരണങ്ങളാണ് കാണ്‍പൂരിലെ അലിംകോ കമ്പനിയില്‍ നിര്‍മ്മിക്കുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ ഏകദേശം 5,20,000 ത്തോളം പേര്‍ക്ക് ഉപകരണങ്ങള്‍ എത്തിച്ചു നല്‍കാനാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൗദാമിനി, അന്ത്രു പരീത് എന്നിവര്‍ക്ക് കണ്ണട നല്‍കി മന്ത്രി സഹായ ഉപകരണ വിതരണത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് രാധ വാസു, ജോസഫ് എന്നിവര്‍ ശ്രവണ സഹായിയും ആനി, ലൈല, ട്രീസ മാനുവല്‍ എന്നിവര്‍ വെപ്പുപല്ലും ദര്‍ശന്‍, ഗ്രേസി മാത്യു, വേലായുധന്‍, ശ്രീജന്‍ എന്നിവര്‍ വീല്‍ചെയറും ഏറ്റുവാങ്ങി.
സാമൂഹ്യ നീതി ശാക്തീകരണ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പിനു നേതൃത്വം നല്‍കിയത് ആര്‍ട്ടിഫിഷ്യല്‍ ലിമ്പ്സ് മാന്യുഫാക്ചറിംഗ് കോര്‍പ്പറേഷന്‍ ഓഫ്  ഇന്ത്യ (അലിംകോ)യാണ്. 719 ഗുണഭോക്താക്കള്‍ക്ക് 26,90,000 രൂപയുടെ  1098 ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ഇതില്‍ 74 വാക്കിംഗ് സ്റ്റിക്കുകള്‍, 36 ക്രച്ചസുകള്‍, 42 ടെട്രാ ട്രൈപോടുകള്‍, 493 ശ്രവണ സഹായികള്‍, 41വീല്‍ ചെയറുകള്‍, 97 വെപ്പ് പല്ലുകള്‍, 292 കണ്ണടകള്‍, 23 ഫോള്‍ഡ് ചെയ്യാവുന്ന വാക്കറുകള്‍ എന്നിവയാണുള്ളത്.
അമ്പലങ്ങളുടെയും പള്ളികളുടെയും വരാന്തകളില്‍ നടതള്ളപ്പെടുന്ന അച്ഛനമ്മമാരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ.വി. തോമസ് എം.പി പറഞ്ഞു.
ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ പി.ബി. നൂഹ്, ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ പ്രീതി വില്‍സണ്‍ തൃക്കാക്കര നഗരസഭ അധ്യക്ഷ കെ.കെ. നീനു, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സി.എസ്. പീതാംബരന്‍, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി, രായമംഗലം ഗ്രാമ പഞ്ചായത്തംഗം ജ്യോതിഷ്, അലിംകോ കമ്പനി പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നെഹ്‌റു യുവ കേന്ദ്ര സന്നദ്ധ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
60 വയസ്സിനു മുകളില്‍ പ്രായമുള്ള ബിപിഎല്‍ വിഭാഗത്തില്‍ പെട്ട മുതിര്‍ന്ന പൗരന്‍മാരെയാണ് പദ്ധതിക്കായി പരിഗണിച്ചിരുന്നത്. വിവിധ ബ്ളോക്കുപഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലുമായി മെയ്, ജൂണ്‍ മാസങ്ങളിലായി അലിംകോയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആറ് മെഡിക്കല്‍ ക്യാമ്പുകളില്‍ നിന്നാണ് അര്‍ഹരായവരെ തിരഞ്ഞെടുത്തത്.1500 ഓളം വ്യക്തികളില്‍ നിന്നും പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശമനുസരിച്ചായിരുന്നു തിരഞ്ഞെടുപ്പ്.