2020 ഓടെ സംസ്ഥാനത്ത് നിന്നും ക്ഷയരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി 2018 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്നു മാസം കൊണ്ട് ജില്ലയിലെ മുഴുവന്‍ ഭവനങ്ങളിലും സന്ദര്‍ശനം നടത്തി ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ സന്ദേശം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആരംഭിച്ചു. ക്ഷയരോഗത്തെക്കുറിച്ചും, രോഗ ലക്ഷണങ്ങളെക്കുറിച്ചും ജനങ്ങളെ നേരിട്ട് ബോധവല്‍ക്കരിക്കുകയും, രോഗസാധ്യതകളുള്ളവരെ നേരത്തെ കണ്ടെത്തി വിദഗ്ദ ചികിത്സ നല്‍കുകയും ആണ് പരിപാടിയുടെ ലക്ഷ്യം. കേരള ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് ആന്റ്റണി ഡൊമിനിക്കിന്റെ ഭവനം സന്ദര്‍ശിച്ച് ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. ശരത് ജി. റാവു വിവരങ്ങള്‍ ശേഖരിച്ച് രേഖപ്പെടുത്തിയാണ് ഭവന സന്ദര്‍ശന പരിപാടിക്ക് തുടക്കമിട്ടത്.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. കെ. കുട്ടപ്പന്‍, ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ്, അമൃത മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ അസ്സിസ്റ്റന്റ്‌റ് പ്രൊഫ. ഡോ. രാകേഷ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍  സഗീര്‍ സുധീന്ദ്രന്‍, സീനിയര്‍ ട്രീറ്റ്‌മെന്റ്റ് സൂപ്പര്‍വൈസര്‍ ഫ്രാന്‍സിസ് ഡിക്രൂസ്, തുടങ്ങിയവര്‍ പങ്കെടുത്തു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, യുണൈറ്റ് ഫോര്‍ ഹെല്‍ത്തി എറണാകുളം, എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്    പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ജില്ലയിലെ ഓരോ വീടും സന്ദര്‍ശിച്ച് അംഗങ്ങളുടെ വിവര ശേഖരണം നടത്തും.
രണ്ടാഴ്ച്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന വിട്ടു മാറാത്ത ചുമ, രക്തം കലര്‍ന്ന കഫം, വിശപ്പില്ലായ്മ, നീണ്ടു നില്‍ക്കുന്നതും വൈകുന്നേരങ്ങളില്‍ അനുഭവപ്പെടുന്നതുമായ പനിയും കുളിരും, ശരീര ഭാരം അകാരണമായി കുറയല്‍, എന്നിവ ക്ഷയരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങളെക്കുറിച്ച് ജനങ്ങളെ  ബോധവല്‍ക്കരിക്കുകയും, രോഗലക്ഷണങ്ങളുള്ളവരുടെ  കഫ പരിശോധന, എക്‌സ് റേ പരിശോധന, ഇആചഅഅഠ പരിശോധന എന്നിവ നടത്തി, രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക്  വിദഗ്ദ്ധ  ചികിത്സ ഉറപ്പ് വരുത്തുകയും ചെയ്യും. ക്ഷയരോഗ നിര്‍ണയത്തിനുള്ള  ഏറ്റവും ആധുനിക ഉപാധിയാണ് ഇആചഅഅഠ. ഇത് ജില്ലയില്‍ എറണാകുളം ജനറല്‍ ആശുപത്രി, കളമശ്ശേരി ഗവ . മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് വായും മൂക്കും മറച്ചു പിടിക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ ക്ഷയരോഗ ബാധ ഇല്ലാതാക്കാനും, രോഗ വ്യാപനം തടയുവാനും സാധിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമായി നടത്താന്‍ ഭവനസന്ദര്‍ശനത്തിനെത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്ന് അറിയിക്കുന്നു.