പൊന്നോണപ്പൂരം കാണാൻ നാലാം ഓണ സന്ധ്യയിലും അനന്തപുരിയുടെ രാജവീഥികളിലേക്ക് ജനക്കൂട്ടം ഒഴുകിയെത്തി. നഗരവഴികളിലെ വൃക്ഷത്തലപ്പുകളിൽ തങ്കംകെട്ടിയതുപോലെ വിരിഞ്ഞ വർണവിളക്കുകൾ കണ്ടും കനകക്കുന്നിലും മ്യൂസിയം വളപ്പിലും അരങ്ങേറിയ മനോഹര കലാവിരുന്ന് ആസ്വദിച്ചും രാവേറുവോളം ജനം നീങ്ങിക്കൊണ്ടിരുന്നു. യോടെ സെപ്റ്റംബർ 13 യോടെ കലണ്ടറിൽ ഓണക്കാലം കഴിഞ്ഞെങ്കിലും അനന്തപുരിയിൽ പൂവിളിയൊഴിയുന്നില്ല. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓണ വിരുന്ന് മൂന്നു നാൾ കൂടി ആവേശമൊട്ടും കുറയാതെ ആസ്വദിക്കാം.

ഓണാഘോഷമെന്നാൽ തിരുവനന്തപുരത്തുകാർക്കു പ്രധാനം തലസ്ഥാന നഗരിയിലെ ഓണക്കാഴ്ച തന്നെയാണ്. ഈ പതിവ് ഇക്കൊല്ലവും തെറ്റിയില്ല. ജനലക്ഷങ്ങളാണ് നാലാം ഓണ നാളിൽ ഓണം കാണാൻ നഗരത്തിലെത്തിയത്. വൈകിട്ടോടെ ചിലേടങ്ങളിൽ നേരിയ മഴയും മഴക്കാറും കണ്ടെങ്കിലും ഉത്സവക്കാഴ്ച കാണാനുള്ള ആവേത്തെ അതു തെല്ലും ചോർത്തിയില്ല.


അന്തരിച്ച സംഗീത സംവിധായകൻ ജോൺസൺ മാഷിന്റെ സ്മരണാർഥം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പാട്ടിന്റെ ദേവാങ്കണം സംഗീത പരിപാടി ആസ്വദിക്കാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഓണനിലാവ് മെഗാഷോ, പൂജപ്പുര മൈതാനത്ത് അരങ്ങേറിയ ഗാനമേള, കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന നൃത്തം എന്നിവയ്ക്കു ഏറെ ആസ്വാദകരുണ്ടായിരുന്നു. നാടൻ കലകൾക്കായി ടൂറിസം വകുപ്പ് ഒരുക്കിയ തിരുവരങ്ങ്, സോപാനം വേദികളിലും ശാസ്ത്രീയ സംഗീത പരിപാടികൾക്കായി കനകക്കുന്ന് കൊട്ടാരത്തിലൊരുക്കിയ സംഗീതിക വേദിയിലും അവസാന പരിപാടിയും കഴിയും വരെ നിറഞ്ഞ സദസായിരുന്നു.

തീർഥപാദമണ്ഡപത്തിൽ നടന്ന ഉത്തരാസ്വയംവരം കഥകളിയും മാർഗി ഉഷയും സംഘവും അവതരിപ്പിച്ച നങ്ങ്യാർകൂത്തും ആസ്വാദക പ്രശംസയേറ്റുവാങ്ങി. അയ്യങ്കാളി ഹാളിൽ നടന്ന നാടകം, ഗാന്ധി പാർക്കിൽ പുളിമാത്ത് ശ്രീകുമാർ, കലാലയം സൈമൺ കുമാർ എന്നിവർ അവതരിപ്പിച്ച കഥാപ്രസംഗത്തിനും പ്രേക്ഷകർ ഏറെയുണ്ടായിരുന്നു.

ആഘോഷപ്പൂരത്തിൽ മതിമറന്നു നിൽക്കുന്ന കനകക്കുന്നിൽ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധയിനം വിനോദോപാധികളും ടൂറിസം വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് സംസ്ഥാന സർക്കാറിന്റെ ഭരണ മികവ് വിളിച്ചോതി നിർമിച്ചിരിക്കുന്ന നിശ്ചല ദൃശ്യങ്ങളും കാഴ്ചക്കാരുടെ ശ്രദ്ധയാകർഷിക്കുന്നുണ്ട്.

തിങ്കളാഴ്ച വർണാഭമായ സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ഈ വർഷത്തെ ഓണം വാരാഘോഷത്തിന് സമാപനമാകുന്നത്. അന്നുവരെ കിടിലൻ കലാവിരുന്നുകൾ ജില്ലയുെട വിവിധ ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്ന 29 വേദികളിൽ       അരങ്ങേറും. എല്ലാ വേദികളിലേക്കും പ്രവേശനം സൗജന്യമാണ്. വൈകിട്ട് അഞ്ചു മണി മുതലാണ് വേദികൾ ഉണരുന്നത്. സന്ധ്യയാകുന്നതോടെ വൈദ്യുതി ദീപാലങ്കാരങ്ങളും മിഴിതുറക്കും.