കൊല്ലം ബീച്ചില്‍   ലഹരി വിമുക്തി സന്ദേശവുമായി  പട്ടം പറത്തി  കുട്ടികള്‍.
മദ്യ – മയക്കുമരുന്ന്  മോചനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാന  ലഹരിവര്‍ജ്ജന മിഷന്‍  ‘വിമുക്തി’യുടെ ഭാഗമായി കൊല്ലം  നഗരസഭയും എക്‌സൈസ് വകുപ്പും സംയുക്തമായി   നടത്തിയ ലഹരി  വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയാണ് പൊതുജന പങ്കാളിത്തത്തോടെ നടന്നത്.  മേയര്‍  വി. രാജേന്ദ്രബാബു ഉദ്ഘാടനം നിര്‍വഹിച്ചു.

ഓരോ ഓണക്കാലവും ആഘോഷങ്ങള്‍ക്കപ്പുറം നല്ലൊരു നാളേക്കുള്ള മികച്ച  തുടക്കവുമായിരിക്കണമെന്ന്   മേയര്‍  പറഞ്ഞു. കുട്ടികള്‍ക്കൊപ്പം പട്ടം പറത്താനും അദ്ദേഹം  പങ്കുചേര്‍ന്നു.

മജീഷ്യന്‍ ബോസ് മാജിക് ഷോ അവതരിപ്പിച്ചു.

ഫിറ്റ്‌നസ് ട്രെയിനര്‍ അമ്പിളി കണ്ണന്‍ അവതരിപ്പിച്ചത്  സുംബാ ഫിറ്റ്‌നസ് ക്ലാസ്.

പോണ്ടിച്ചേരി നൃത്ത വിസ്മയം  മുതല്‍ മെഗാ ഷോവരെ  ഒരുക്കിയ  ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ വിപുലമായ ഓണാഘോഷം ഏറെ ആകര്‍ഷകമായി.

ആശ്രാമം  ചില്‍ഡ്രന്‍സ് പാര്‍ക്ക്, നീരാവില്‍ നവോദയ ഗ്രന്ഥശാല എന്നിവിടങ്ങളില്‍  പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, രാജസ്ഥാന്‍, മണിപ്പൂര്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഗോത്രവര്‍ഗ്ഗ നൃത്തരൂപങ്ങള്‍ അരങ്ങേറി.

കൊല്ലം ബീച്ചില്‍ ബഡായി ബംഗ്ലാവ് ഫെയിം ആര്യയും സംഘവും അവതരിപ്പിച്ച മെഗാ ഷോ  ജനഹൃദയങ്ങള്‍ കീഴടക്കി.

വലിയ പൊതുജനപങ്കാളിത്തത്തോടെ ആണ് ഈ വര്‍ഷത്തെ ഓണം വാരാഘോഷം നടന്നത്.