കാൻസറിനെ മന:സാന്നിദ്ധ്യം കൊണ്ട് നേരിട്ട് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി താരമായ ഫാത്തിമ ഷഹാന പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ് തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി. മധുരമുള്ള ഒട്ടേറെ ഓർമ്മകളും ഒപ്പം നിന്ന് പിന്തുണച്ചവർക്ക് ഹൃദയം തുറന്നുള്ള നന്ദിയുമായി കുന്ദമംഗലത്തിന്റെ ജനപ്രതിനിധിയെ കാണാനെത്തിയ ഷഹാനയെയും കുടുംബാംഗങ്ങളെയും പുസ്തകങ്ങളും സമ്മാനങ്ങളും നൽകിയാണ് പി.ടി.എ റഹീം എം.എൽ.എ യാത്രയയച്ചത്.
എടരിക്കോട് പി.കെ.എം ഹൈസ്കൂളിൽ പത്താം തരത്തിൽ പഠിച്ചു കൊണ്ടിരിക്കെ പനി ബാധിച്ച ഷഹാനക്ക് ബ്ലഡ് കാൻസറാണെന്ന് സ്ഥിരീകരിച്ചത് മെഡിക്കൽ കോളജിലെ പരിശോധനയിലാണ്. തുടർന്ന് ചൂലൂരിലെ എം.വി.ആർ കാൻസർ സെന്ററിൽ ചികിൽസക്കെത്തിയ ഷഹാനയുടെ ഡോക്ടറാവുകയെന്ന മോഹം അസ്തമിച്ചതായി എല്ലാവരും കണക്കുകൂട്ടി. പക്ഷെ ഷഹാനമാത്രം തോറ്റു കൊടുക്കാൻ ഒരുക്കമായിരുന്നില്ല. ഇൻഫക്ഷൻ സാദ്ധ്യത കണക്കിലെടുത്ത് പഠനമോഹം ഉപേക്ഷിക്കണമെന്ന ഡോക്ടർമാരുടെയും കുടുംബാംഗങ്ങളുടെയും സ്നേഹപൂർവ്വമുള്ള നിർബന്ധത്തിന് വഴങ്ങാൻ ഈ മിടുക്കി ഒരുക്കമായിരുന്നില്ല.
പിന്നീട് രചിക്കപ്പെട്ടത് പുതിയൊരു ചരിത്രമായിരുന്നു. ആഴ്ചയിൽ നാലു തവണ നടത്തുന്ന കീമോ തെറാപ്പിയുടെ അവശതയോടും ശരീരം മുഴുക്കെ അനുഭവപ്പെടുന്ന നുറുങ്ങുന്ന വേദനയോടും പടപൊരുതി എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ ഈ മിടുക്കി ഫലം വന്നപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തി. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് എന്ന അതുല്യ നേട്ടവുമായി പുഞ്ചിരിച്ചു നിൽക്കുന്ന ഷഹാന ഏവരും ഉറ്റുനോക്കുന്ന മിന്നും താരമായി ഉയരുകയായിരുന്നു.
സംസ്ഥാന സർക്കാരിന്റെ പ്രത്യേകാനുമതിയോടെ നായർകുഴി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ലൈബ്രറി ഹാൾ അണുവിമുക്തമാക്കി പ്രത്യേകം സജ്ജീകരിച്ചാണ് ഷനാനയുടെ പരീക്ഷാ കേന്ദ്രം ഒരുക്കിയിരുന്നത്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒപ്പം ആംബുലൻസിലായിരുന്നു പരീക്ഷാ കേന്ദ്രത്തിലേക്കുള്ള യാത്ര. എടരിക്കോട് സ്കൂളിലെ അദ്ധ്യാപകർ എം.വി.ആർ കാൻസർ സെന്ററിലെത്തി ഷഹാനക്കുവേണ്ടി ക്ലാസെടുത്തുകൊടുക്കുകയും ഡോക്ടർമാരും നഴ്സുമാരും ബന്ധുക്കളും പ്രോൽസാഹനങ്ങളുമായി ഒപ്പം നിൽക്കുകയും ചെയ്തതോടെ സമാനതകളില്ലാത്ത നേട്ടത്തിലേക്ക് ഷഹാന ഓടിയെത്തുകയായിരുന്നു. ഏവർക്കും പ്രചോദനമായ ഈ വിജയത്തിൽ ഷഹാനയെ അഭിനന്ദിക്കാൻ പി.ടി.എ റഹീം എം.എൽ.എ എത്തിയതോടെയാണ് ഇക്കാര്യം പുറം ലോകമറിയുന്നതും പത്രങ്ങളിൽ വാർത്തയാവുന്നതും. തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ തുടങ്ങിയവരുടെ അഭിനന്ദനങ്ങളും ഷഹാനയെ തേടിയെത്തി.
മലപ്പുറം ജില്ലയിലെ പൂക്കിപ്പറമ്പിനടുത്ത് തെന്നലയിൽ കളത്തിങ്ങൽ അബ്ദുൽ നാസറിന്റെയും സലീനയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെയാളാണ് ഷഹാന. കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായ ഈ മിടുക്കി മാരകമായ കാൻസറിനെ ചെറുത്തു തോൽപിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്. സ്നേഹമായി ഒപ്പം നിന്ന ചൂലൂർ എം.വി.ആർ കാൻസർ സെന്ററിലെ ജീവനക്കാരോടും ജനപ്രതിനിധികളോടും നാട്ടുകാരോടുമുള്ള നന്ദി കുടുംബാംഗങ്ങളോടൊപ്പം പി.ടി.എ റഹീം എം.എൽ.എയുടെ വസതിയിൽ നേരിട്ടെത്തിയ ഷഹാനയുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു-
പ്രതിസന്ധികളിൽ നൈരാശ്യത്തോടെ തളർന്നുപോവുന്നവർക്കു മുമ്പിൽ ഫാത്തിമ ഷഹാനയെന്ന പെൺകുട്ടി പ്രചോദനത്തിന്റെ പുതിയൊരു ഗാഥയാണ് രചിച്ചിട്ടുള്ളത്. മനസിന്റെ ശക്തി തിരിച്ചറിഞ്ഞ് പടപൊരുതാൻ ഒരുക്കമാണെങ്കിൽ വിജയത്തിൽ കുറഞ്ഞ മറ്റൊന്നും നിങ്ങളെ തേടിയെത്തില്ലെന്ന സന്ദേശം കൂടിയാണ് അവൾ ലോകത്തിന് മുമ്പിൽ ഉയർത്തിപ്പിടിക്കുന്നത്.