ആശയവും കൗതുകവും നിറച്ച നിശ്ചലദൃശ്യങ്ങളോടെ ഓണം വാരാഘോഷങ്ങൾക്കു തിരശീല വീണു. സർക്കാരിന്റെ വിവിധ പദ്ധതികളായ ഹരിത കേരളം മിഷൻ, ലൈഫ് മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആർദ്രം, റീബിൽഡ് കേരള എന്നിവയുടെ നിശ്ചലദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് അവബോധം ഉയർത്തുന്നത് കൂടിയായി.

വസ്ത്രശാലകളിൽ ഇരിപ്പിടം അവകാശമാണെന്ന് ചൂണ്ടിക്കാട്ടി തൊഴിൽവകുപ്പ് തയ്യാറാക്കിയ ഫ്ളോട്ട് കയ്യടി നേടി. ‘ഒരുമയുടെ പൂവിളിയിൽ കുതിക്കുന്നു കേരളം’ എന്ന ആശത്തോടെ പ്രളയക്കെടുതിക്കിടയിലും തുഴഞ്ഞുമുന്നേറുന്ന വള്ളമായി കേരളത്തെ അവതരിപ്പിച്ച ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ നിശ്ചലദൃശ്യം ഏറെ ജനശ്രദ്ധയാകർഷിച്ചു. നിറപറയിൽ സ്വർണ്ണനാണയവുമായി സമ്പൽസമൃദ്ധി വിളിച്ചോതുന്ന വള്ളത്തിൽ തുഴക്കാരും അവരുടെ കയ്യിൽ സർക്കാർ മിഷനുകൾ, പദ്ധതികൾ എന്നിവ രേഖപ്പെടുത്തിയ തുഴകളും ആകർഷകമായി.

ബഹിരാകാശ രംഗത്തെ മുന്നേറ്റങ്ങളെ കൗകുകകരമായി അവതരിപ്പിച്ച ഐ.എസ്.ആർ.ഒ, സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുന്ന പൊലീസ്, കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളുടെ ആദരിച്ചുകൊണ്ടുള്ള ഫിഷറീസ് വകുപ്പിന്റെ നിശ്ചലദൃശ്യം വ്യത്യസ്തമായി.

പ്രളയത്തിൽ സർവ്വവും നഷ്ടമായ ദുരിത ബാധിതർക്ക് കൈത്താങ്ങായി കേരള സഹകരണ വകുപ്പും ,വിദേശികളെ ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് ക്ഷണിച്ച് കൊണ്ട് കെടിഡിസിയും നഗരവീഥിയെ ത്രസിപ്പിച്ചു.