കാസർഗോഡ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക്  വേണ്ടത് വിദ്യാഭ്യാസമാണ്, വിവാഹമല്ലെന്ന്  വനിതാ കമ്മീഷന്‍ അംഗം  ഷാഹിദ കമാല്‍ പറഞ്ഞു. ചില കുടുംബങ്ങളില്‍  പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ നിര്‍ബന്ധ പൂര്‍വ്വം വിവാഹം കഴിപ്പിക്കുന്ന പ്രവണത വനിതാ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് പെണ്‍കുട്ടികളുടെ ഭാവിയെ സാരമായി  ബാധിക്കുമെന്നും ഷാഹിദ കമാല്‍ പറഞ്ഞു.  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ സിറ്റിങ്ങിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

പെണ്‍കുട്ടികളെ കുടുംബത്തിന്റെ അഭിമാനമായി കാണാന്‍ കഴിയണം. അങ്ങനെ  അഭിമാനമാവാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയണമെങ്കില്‍ അവര്‍ക്ക് വിദ്യാഭ്യാസം ലഭിച്ചിരിക്കണം. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് കഴിവ് തെളിയിക്കാന്‍ അവസരമുണ്ട്.  വിദ്യാഭ്യാസം ലഭിച്ചാല്‍ ഈ അവസരങ്ങളെ നല്ല രീതിയില്‍ വിനിയോഗിക്കാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് കഴിയും.

ഏത് പ്രതിസന്ധിയെ തരണം ചെയ്യാനും അവര്‍ക്ക് കഴിയും. പെണ്‍കുട്ടികള്‍ക്ക്  ആവശ്യമായ വിദ്യാഭ്യാസം നല്‍കേണ്ടത് ഓരോ രക്ഷിതാക്കളും തങ്ങളുടെ കടമയായി കാണണം.
മികച്ച വിദ്യാഭ്യാസം നല്‍കിയതിന് ശേഷം അവര്‍ക്ക് വിവാഹത്തിനുള്ള പക്വത എത്തുമ്പോഴാണ് വീട്ടുകാര്‍ അവര്‍ക്കായി  നല്ല വരനെ തിരഞ്ഞെടുക്കേണ്ടത്.  അല്ലാത്ത പക്ഷം കൊടിയ പീഡനങ്ങളാണ് പെണ്‍കുട്ടികള്‍ക്ക് അനുഭവിക്കേണ്ടി വരുന്നതെന്നും  ഷാഹിദ കമാല്‍ പറഞ്ഞു.

ചെങ്കള സ്വദേശിയായ ഒരു പെണ്‍കുട്ടിയെ  35 പവനും അഞ്ച് ലക്ഷം രൂപയും കൊടുത്ത്   വിവാഹം കഴിപ്പിച്ചു. ഇപ്പോള്‍ ഒന്നര വയസ്സുള്ള മകളുണ്ട്.  ഭര്‍ത്താവിനെ കാണ്മാനില്ല എന്ന   പരാതിയുമായി      പെണ്‍കുട്ടി കമ്മീഷനെ സമീപിച്ചിരിക്കയാണ്.     അയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഇനി ഭര്‍ത്താവിന്റെ വീട്ടുകാരെ വിളിപ്പിക്കാനാണ് കമ്മീഷന്റെ തീരുമാനം.

മുള്ളേരിയയില്‍ ഭാര്യയുടെ പേരിലുള്ള വീട്ടില്‍ ഭര്‍ത്താവ് മാത്രം താമസിക്കുന്നു. സര്‍ക്കാരിന്റെ ഷെല്‍റ്റര്‍ ഹോമിലാണ് ഭാര്യ താമസിക്കുന്നത്. ഭാര്യയുടെ പരാതിയില്‍ മേല്‍ കമ്മീഷന്‍ ഭര്‍ത്താവിനെ വിളിപ്പിച്ചു. രണ്ട് പേരെയും ഒന്നിപ്പിക്കാന്‍ ശ്രമിച്ചു. ഒന്നിച്ച് താമസിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ വീട് ഒഴിയാന്‍ ഭര്‍ത്താവിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഭാര്യയെ വീട്ടില്‍ സുരക്ഷിതമായി കൊണ്ട് വിടാനായി ആധൂര്‍ പോലീസ് സി.ഐ ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇനി വീട്ടില്‍ ഭാര്യക്ക് എന്തെങ്കിലും പ്രശ്‌നം വന്നാല്‍  ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം കേസ് എടുക്കുമെന്നും കമ്മീഷന്‍ പരാതിക്കാരിയുടെ ഭര്‍ത്താവിനെ അറിയിച്ചു.

ന്യായമായ എല്ലാ പ്രശ്‌നങ്ങളിലും സ്ത്രീകള്‍ക്ക് ഒപ്പമുണ്ടാവുമെന്ന്  കമ്മീഷന്‍ ഉറപ്പ് നല്‍കി. കൂട്ട് കുടുംബമായി താമസിക്കുന്ന ഭര്‍തൃവീട്ടില്‍  അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി യുവതി കമ്മിഷനെ  സമീപിച്ചു. ഇവര്‍ക്ക് മക്കളില്ല. അതിനാല്‍ കുടുംബ സ്വത്ത് വിഹിതം വെക്കുന്നതില്‍ തങ്ങളെ പരിഗണിക്കുന്നില്ലെന്നും യുവതി പരാതിയല്‍ പറയുന്നു. ഭര്‍ത്താവ് താന്‍ കുടുംബത്തില്‍ അനുഭവിക്കുന്ന  അവഗണനകള്‍ക്ക് മുന്നില്‍ കണ്ണടക്കുകയാണെന്നും യുവതിപറഞ്ഞു. കമ്മീഷന് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായങ്ങളും യുവതിക്കായി ചെയ്യുമെന്ന് കമ്മീഷന്‍ അംഗം ഇ. എം രാധ പറഞ്ഞു.
ലീഗല്‍ പാനല്‍മെമ്പര്‍മാരായ അഡ്വ. എ.പി ഉഷ, അഡ്വ. കെ.ജി ബീന, വനിതാ സെല്‍ എസ്‌ഐ എംഎ ശാന്ത, വനിത സിവില്‍ പോലീസ് ഓഫീസര്‍ പി ഷീല എന്നിവര്‍ പരാതികള്‍ പരിഗണിച്ചു.

11 കേസുകള്‍  തീര്‍പ്പാക്കി.
വനിതാ കമ്മീഷന്‍ 54 കേസുകള്‍   പരിഗണിച്ചതില്‍ 11 കേസുകള്‍ തീര്‍പാക്കി. 37 കേസുകള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. ആറ് കേസുകള്‍ക്ക്  ബന്ധപ്പെട്ട അധികാരികളില്‍ നിന്നും റിപ്പോര്‍ട്ട് തേടി. ജൂലൈയില്‍  നടന്ന സിറ്റിങ്ങില്‍ ജില്ലയിലെ  പ്രമുഖ ചിട്ടി കമ്പനിക്കെതിരെ മൂന്ന് ജീവനക്കാരികള്‍ പരാതി ഉന്നയിച്ചിരുന്നു. മൂന്ന് മാസത്തോളമായി ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല എന്നതാണ് പരാതി. ഈ പരാതി അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ലേബര്‍ ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു.  ഈ സിറ്റിങ്ങില്‍ ഈ പ്രശ്‌നത്തിന് പരിഹാരമായി.  ശമ്പളം ലഭിച്ചെന്ന് പരാതിക്കാര്‍ അറിയിച്ചു.
പോലീസിനെതിരെ നല്‍കിയ ചില പരാതികള്‍ തെറ്റാണെന്ന് കമ്മീഷന് ബോധ്യമായിട്ടുണ്ട്. {പതിയെ അറസ്റ്റ് ചെയ്യാന്‍ വീട്ടിലത്തുന്ന പോലീസുകാര്‍ക്കെതിരെയാണ് വ്യാജ പരാതി നല്‍കുന്നത്. പ്രതിയെ പിടിക്കുക എന്നത് പോലീസിന്റെ ജോലിയാണ്. അവര്‍ക്കത് ചെയ്‌തേ പറ്റൂ. \്യായമായ  പരാതികളില്‍  കമ്മീഷന്‍ സഹായം \ല്‍കുമെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. ഏത് മേഖലയിലും സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നത് തടയാനും അവര്‍ക്ക് അര്‍ഹമായ നീതി ഉറപ്പ് വരുത്താനും കമ്മീഷന്റെ എല്ലാ വിധ സഹായ സഹകരണങ്ങളും  ഉണ്ടാകുമെന്ന് കമ്മീഷന്‍ ഉറപ്പ് നല്‍കി.
ജില്ലാ കളക്ടറുടെ പിന്തുണ മാതൃകാപരം
വനിതാ കമ്മീഷന്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ യഥാസമയം നടപ്പാക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ ഡി. സജിത് ബാബു നല്‍കുന്ന പിന്തുണ മാതൃകാപരമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗങ്ങളായ ഡോ. ഷാഹിദാ  കമാല്‍, ഇ.എം.രാധ എന്നിവര്‍ പറഞ്ഞു.  വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് വനിതാ കമ്മീഷന്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ജില്ലാ കളക്ടര്‍ പുലര്‍ത്തുന്ന ജാഗ്രത കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നതാണെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.