കാസർഗോഡ്: എല്ലാവര്‍ക്കും ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ മതിയാ അളവിലും  മിതമായ നിരക്കിലും എത്തിച്ച് സമൂഹത്തില്‍ ഭക്ഷ്യ ഭദ്രത ഉറപ്പു വരുത്താന്‍ സത്വര നടപടികളുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍. ഭക്ഷ്യ ഭദ്രതാ നിയമത്തേയും അതിന്റെ പ്രാധാന്യത്തെയും കുറിച്ച് വിശദീകരിക്കുന്നതിനായി ഭക്ഷ്യ കമ്മീഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മോഹന്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കമ്മീഷന്‍ അംഗങ്ങളായ അഡ്വ. പി വസന്തം, വി രമേശ്, കെ ദിലീപ് കുമാര്‍, അഡ്വ. ബി രാജേന്ദ്രന്‍, എം വിജയലക്ഷമി, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു, എഡിഎം എന്‍ ദേവീദാസ് എന്നിവര്‍ സംബന്ധിച്ചു.
2013ല്‍ രാജ്യത്ത് നിലവില്‍ വന്ന ഭക്ഷ്യഭദ്രതാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ രൂപീകരിച്ചതെന്നും തെറ്റുകള്‍ കണ്ടെത്തുന്നതിനേക്കാളുപരി വസ്തുതകള്‍ പരിശോധിച്ച് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്നതിനാണ് കമ്മീഷന്‍ മുഖ്യ പരിഗണന നല്‍കുന്നതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മോഹന്‍ കുമാര്‍ പറഞ്ഞു.
ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ ഗുരുതര വീഴ്ച വരുത്തുന്നവര്‍ക്കെതിരേ മാത്രമേ കമ്മീഷന്‍ നടപടി സ്വീകരിക്കുകയുള്ളൂവെന്നും അവശ വിഭാഗങ്ങളുള്‍പ്പെടെയുള്ള സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുന്നതിനായിരിക്കും കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലക്കാട്, വയനാട് എന്നിവിടങ്ങളിലെ ഗോത്ര മേഖലകളിലാണ് ആദ്യം കമ്മീഷന്‍ സന്ദര്‍ശനം നടത്തിയത്. വിദൂര ഗ്രാമങ്ങളിലെ ഗോത്രവിഭാഗങ്ങളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നുണ്ടോയെന്ന് കോളനികള്‍ സന്ദര്‍ശിച്ച് പരിശോധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗുണനിലവാരമുള്ള ഭക്ഷണം വിദ്യാര്‍ത്ഥികള്‍ക്ക് എത്തിക്കുന്നതില്‍ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ കമ്മീഷന്‍ അഭിനന്ദിച്ചു.
ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തെയും ചട്ടങ്ങളെയും കുറിച്ച് കമ്മീഷന്‍ അംഗം അഡ്വ. ബി രാജേന്ദ്രന്‍ വിശദീകരിച്ചു. ഭക്ഷ്യ കമ്മീഷന്‍ ആര്‍ഭാടമല്ലെന്നും ഐക്യരാഷ്ട്ര സഭയുടെ ക്ഷേമരാഷ്ട്ര സങ്കല്‍പ്പം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സമൂഹത്തില്‍ ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്താനായി ഫലപ്രദമായ ഇടപെടലുകള്‍ നടത്തുന്നതിനുള്ള സമിതിയാണെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഭക്ഷ്യ വസ്തുക്കളുടെ വിതരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ കമ്മീഷനു മുമ്പാകെ വിശദീകരിച്ചു.
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും നല്‍കി വരുന്ന വിവിധി പോഷകാഹാര പദ്ധതികളെ കുറിച്ച് ജില്ലാ ഐ സി ഡി എസ് പ്രോഗ്രാം ഓഫീസര്‍ കവിതാറാണി രഞ്ജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലയിലെ റേഷന്‍ വിതരണ സംവിധാനത്തെ കുറിച്ച് ജില്ലാ സപ്ലൈ ഓഫീസര്‍ കെ സുള്‍ഫിക്കര്‍, ജില്ലയിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രതിനിധി എന്നിവര്‍ വിശദീകരിച്ചു.
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുള്ള പരാതി പരിഹാര സംവിധാനത്തെ കുറിച്ച് ജില്ലാ പരാതിപരിഹാര ഓഫീസറായ എഡിഎം എന്‍ ദേവീദാസ് സംസാരിച്ചു. റേഷന്‍ കട ഡീലര്‍മാര്‍, സംഘടനാ പ്രതിനിധികള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ കമ്മീഷനെ ബോധിപ്പിച്ചു. പോഷകാഹാര വിതരണത്തില്‍ വരുന്ന പ്രശ്‌നങ്ങളെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനുമായി അങ്കണവാടി വര്‍ക്കര്‍മാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവരുമായി കമ്മീഷന്‍ സംവദിച്ചു.
സംസ്ഥാന ഭക്ഷ്യകമ്മീഷന്‍
ദേശീയ ഭക്ഷ്യഭദ്രതാ നിയമം-2013 പ്രകാരമാണ് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ രൂപീകരിച്ചിട്ടുള്ളത്. ചെയര്‍മാനും മെംബര്‍ സെക്രട്ടറിയുമടക്കം ഏഴ് അംഗങ്ങളാണ് കമ്മീഷനിലുള്ളത്. കമ്മീഷന് അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമുണ്ട്. ഇതു പ്രകാരം കമ്മീഷന്റെ അധികാരപരിധിയില്‍ വരുന്ന വിഷയങ്ങളില്‍ സ്വമേധയാ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്യാന്‍ സാധിക്കും. ആവശ്യമായ ഘട്ടങ്ങളില്‍ ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തി തെളിവെടുപ്പു നടത്തുകയും പിഴ ശിക്ഷ വിധിക്കാനും കമ്മീഷന് അധികാരമുണ്ടെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മോഹന്‍ കുമാര്‍ പറഞ്ഞു.
സമൂഹത്തിലെ അവശ വിഭാഗങ്ങളടക്കം ഗര്‍ഭസ്ഥശിശു, അമ്മമാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ എല്ലാവര്‍ക്കും മതിയായ അളവിലും ഗുണനിലവാരത്തിലും ഭക്ഷ്യ വസ്തുക്കള്‍ എത്തുന്നുണ്ടോയെന്നും വിതരണശൃംഖല കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും കമ്മീഷന്‍ പരിശോധിക്കും. ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി പൊതുവിതരണ വകുപ്പ്, ശിശുക്ഷേമ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവരുമായി ബന്ധപ്പെടും.
അട്ടപ്പാടിയില്‍ കാലാവധി കഴിഞ്ഞ ഗോതമ്പ് വിതരണം ചെയ്ത സംഭവം; 23ന് തെളിവെടുപ്പ്
അട്ടപ്പാടിയിലെ അങ്കണവാടിയില്‍ കാലാവധി കഴിഞ്ഞ ഗോതമ്പ് വിതരണം ചെയ്ത സംഭവത്തില്‍ ഈ മാസം 23ന് തിരുവനന്തപുരത്ത് ഭക്ഷ്യകമ്മീഷന്‍ തെളിവെടുപ്പ് നടത്തുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മോഹന്‍കുമാര്‍ പറഞ്ഞു. മാര്‍ച്ചില്‍ കാലാവധി കഴിഞ്ഞ നുറുക്ക് ഗോതമ്പ് മെയ് മാസത്തില്‍ വിതരണം ചെയ്യുകയും അങ്കണവാടിയില്‍ ആഹാരം പാകം ചെയ്ത് കുട്ടികള്‍ക്ക് നല്‍കുകയുമായിരുന്നു. സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബന്ധപ്പെട്ടവര്‍ അത് നല്‍കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതെന്നും കുറ്റം കണ്ടെത്തുന്നതിനേക്കാള്‍ വസ്തുതകള്‍ അന്വേഷിക്കുന്നതിനാണ് തെളിവെടുപ്പ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ ഭക്ഷ്യഭദ്രത ഉറപ്പാക്കും
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഭക്ഷ്യ ഭദ്രത ഉറപ്പു വരുത്തുന്നുണ്ടോയെന്ന വിഷയം ഭക്ഷ്യകമ്മീഷന്‍ പരിഗണിക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലയുടെ ചുമതലയുള്ള കമ്മീഷന്‍ അംഗം എം വിജയലക്ഷ്മി പറഞ്ഞു. പൊതുവിതരണം കൃത്യമായി നടപ്പിലാവുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണമെന്നും റേഷന്‍ കടയില്‍ ലഭിക്കുന്നത് ഔദാര്യമല്ലെന്ന വസ്തുത മനസ്സിലാക്കി അവകാശം ചോദിച്ചു വാങ്ങാനും ക്രമക്കേടുകള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനും മുന്നോട്ട് വരണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഗോത്രമേഖലകളില്‍ റേഷന്‍ കടയിലെത്തുന്ന സ്ത്രീകള്‍ കബളിപ്പിക്കപ്പെടുന്ന സാഹചര്യം ഇല്ലാതാക്കണമെന്നും ഇതിനായി അധികൃതരും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ പറഞ്ഞു. ഭക്ഷ്യഭദ്രതാ നിയമം നടപ്പിലായതോടെ റേഷന്‍ കാര്‍ഡുകള്‍ സ്ത്രീകളുടെ മേല്‍നോട്ടത്തിലായെന്നും ഇത് സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.