ഇടുക്കി: ഇന്‍ഡ്യന്‍ തപാല്‍വകുപ്പ് നടപ്പിലാക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കില്‍ അക്കൗണ്ടുകളുടെ എണ്ണം ഒരു കോടി തികച്ച അടിമാലി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് തപാല്‍ വകുപ്പിന്റെ ആദരം.അടിമാലി 200 ഏക്കര്‍ സ്വദേശികളായ രജനികുമാര്‍ ജിജിമോള്‍ ദമ്പതികളുടെ മകളും അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ സോനക്കാണ് തപാല്‍ വകുപ്പിന്റെ പുരസ്‌ക്കാരം ലഭിച്ചത്.
സോനയെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കില്‍ അംഗമാക്കിയ മന്നാങ്കണ്ടം ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ കെ കെ ജാസ്മിനും തപാല്‍ വകുപ്പ് ആദരമൊരുക്കിയിരുന്നു.സോനക്കും കെ കെ ജാസ്മിനും കഴിഞ്ഞ 9ന് ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ വച്ച് കേന്ദ്രവാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പുരസ്‌ക്കാരം സമ്മാനിച്ചു.സംഭവിച്ചതിലെല്ലാം അതിയായ സന്തോഷമുണ്ടെന്ന് സോന പറഞ്ഞു.
പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ സഹായം പോസ്റ്റ് പേയ്മെന്റ് ബാങ്കിലൂടെ കൈമാറണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം.ഇതിന്‍ പ്രകാരമായിരുന്നു പോസ്റ്റ് മാസ്റ്റര്‍ കെ കെ ജാസ്മിന്‍ വിദ്യാലയത്തില്‍ എത്തിയതും സോനയെ കൊണ്ട് അക്കൗണ്ട് തുറപ്പിച്ചതും.കേന്ദ്ര മന്ത്രിയുടെ കൈയ്യില്‍ നിന്നും ഉപഹാരം സ്വീകരിച്ചതിലുള്ള സന്തോഷം ജാസ്മിനും പങ്ക് വച്ചു.