കാക്കനാട്: എറണാകുളം ജില്ലയിൽ ഗതാഗതം ദുസ്സഹമായതിനെ തുടർന്ന് അറ്റകുറ്റപ്പണി നടത്താൻ നിർദ്ദേശിച്ച റോഡുകളുടെ പുന:നിർമാണം പുരോഗമിക്കുന്നതായി നിർവഹണ ഏജൻസികളും വകുപ്പുകളും അറിയിച്ചു. പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ എസ്.സുഹാസ് കളക്ടറേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും മോശമായ 45 റോഡുകൾ നന്നാക്കാനാണ് കളക്ടർ ആവശ്യപ്പെട്ടത്.

നിശ്ചിത സമയത്തിനകം റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ കരാറുകാർക്കും നിർവ്വഹണ ഉദ്യോഗസ്ഥർക്കുമെതിരെ ക്രിമിനൽ നടപടി ചട്ടപ്രകാരം നടപടിയെടുക്കുമെന്നും അറിയിച്ചിരുന്നു. നിർദ്ദേശം ലഭിക്കുന്നതിന് മുമ്പും പണി തുടങ്ങിയതിനു ശേഷവുമുള്ള ഫോട്ടോ സഹിതം യോഗത്തിനെത്താനാണ് ആവശ്യപ്പെട്ടിരുന്നത്.

ഇതു പ്രകാരം എല്ലാവരും ഫോട്ടോ സമർപ്പിച്ചു. ഇവ പരിശോധിക്കാൻ എറണാകുളം ഡിസിപി യോട് കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിൽ നിന്നും റിപ്പോർട്ട് തേടുന്നതിനു പുറമേ കളക്ടർ നേരിട്ടെത്തിയും പരിശോധിക്കും. ചിലയിടങ്ങൾ കഴിഞ്ഞ ദിവസം നേരിട്ട് സന്ദർശിച്ചെന്നും അദ്ദേഹം അറിയിച്ചു.

കലൂർ – പാലാരിവട്ടം, കതൃക്കടവ്- തമ്മനം, കാക്കനാട് – പാലാരിവട്ടം, ഇടപ്പള്ളി – ചേരാനല്ലൂർ – കളമശ്ശേരി, വൈറ്റില – കുണ്ടന്നൂർ – പൊന്നുരുന്നി, പുല്ലേപ്പടി, അരൂർ – വൈറ്റില, മരട് – കുണ്ടന്നൂർ, സീപോർട്ട്- എയർപോർട്ട്, കരിങ്ങാച്ചിറ – തിരുവാങ്കുളം, വൈക്കം – പൂത്തോട്ട, എറണാകുളം- വൈപ്പിൻ, ഓൾഡ് തേവര – ഫോർ ഷോർ റോഡ്, വളഞ്ഞമ്പലം – രവിപുരം തുടങ്ങിയ റോഡുകളാണ് പട്ടികയിലുള്ളത്.

ഇടക്ക് മഴ പെയ്യുന്നത് പണിക്ക് തടസ്സമാകുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. പകൽ ഗതാഗതം നിർത്തിവെക്കാനുമാകില്ല. ഒറ്റവരിയായി വാഹനം കടത്തിവിട്ടാണ് പലയിടത്തും അറ്റകുറ്റപ്പണികൾ നടത്തിയത്. ശേഷിക്കുന്ന റോഡുകൾ സെപ്റ്റംബർ 24, 25 തീയതികളിൽ രാത്രി 10 മുതൽ ആറുവരെ പണി നടത്തി ഗതാഗത യോഗ്യമാക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.