കൊല്ലം: തികച്ചും അപ്രതീക്ഷിതമായി എത്തിയ വിശിഷ്ട വ്യക്തിയാണ് വെള്ളിമണ്‍ സര്‍ക്കാര്‍ യു പി സ്‌കൂളിലെ കുട്ടികളുമായി പ്രഭാത ഭക്ഷണം പങ്കിട്ടത്. ചൂട് ഇഡ്ഡ്‌ലിയും സാമ്പാറും സ്‌നേഹവായ്‌പ്പോടെ വാരിക്കൊടുത്തത് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കുരുന്നുകള്‍ക്കൊപ്പം ചേര്‍ന്ന് മന്ത്രി നിര്‍വഹിച്ചത് പെരിനാട് പഞ്ചായത്ത് നടപ്പിലാക്കുന്ന സ്‌കൂള്‍ പ്രഭാത ഭക്ഷണ പരിപാടി.

എല്ലാ കുട്ടികള്‍ക്കും ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ എന്ന് മന്ത്രി പറഞ്ഞു. ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയും കമ്പ്യൂട്ടര്‍, പ്രൊജക്ടര്‍ എന്നിവ സഹിതം ആധുനികവത്കരണം നടപ്പിലാക്കിയും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസമാണ് ഉറപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ അനില്‍ അധ്യക്ഷനായി. മറ്റു ജനപ്രതിനിധികള്‍, കയര്‍ഫെഡ് ഡയറക്ടര്‍ എസ് എല്‍ സജികുമാര്‍, ഹെഡ്മാസ്റ്റര്‍ വി അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.