ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കോന്നി നിയോജകമണ്ഡലത്തില്‍ പുതിയ കണക്കുകള്‍ പ്രകാരം 1,96,324 വോട്ടര്‍മാര്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോന്നി നിയോജക മണ്ഡലത്തിലുണ്ടായവരെക്കാള്‍ 1619 വോട്ടര്‍മാരുടെ വര്‍ധന. സ്ത്രീ വോട്ടര്‍മാരാണ് മണ്ഡലത്തില്‍ കൂടുതല്‍. 1,08,509 സ്ത്രീകളും 92,773 പുരുഷന്മാരും ഒരു ട്രാന്‍സ്ജന്ററുമാണ് മണ്ഡലത്തിലുള്ളത്. മണ്ഡലത്തിലാദ്യമായാണ് ഒരു ട്രാന്‍സ്ജന്റര്‍ വോട്ട് ചെയ്യാന്‍ പോകുന്നത്.
2019-ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ 1,94,705 വോട്ടര്‍മാരാണുണ്ടായിരുന്നത്. 1,02,673 സ്ത്രീകളും 92,032 പുരുഷന്മാരും. ആകെ വോട്ടര്‍മാരില്‍ 67216 (73.04 ശതമാനം)പുരുഷന്മാരും, 77332 (75.32 ശതമാനം) സ്ത്രീകളും സമ്മതിദാനാവകാശം രേഖപ്പെടുത്തി. 74.24 ശതമാനം പോളിംഗാണ് കോന്നി നിയോജക മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്.
2016 ല്‍ 1,94,721 വോട്ടര്‍മാര്‍
2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നി നിയോജക മണ്ഡലത്തില്‍ ആകെ രേഖപ്പെടുത്തിയത് 73.19 ശതമാനം വോട്ട്. ആകെ 1,94,721 വോട്ടര്‍മാരില്‍ 1,42,526 പേരാണ് മണ്ഡലത്തില്‍ വോട്ട് ചെയ്തത്. ആകെ വോട്ടര്‍മാരില്‍ 91385 പുരുഷന്മാരും 103336 സ്ത്രീകളുമാണുണ്ടായിരുന്നത്. ഇതില്‍ 65843(72.05 ശതമാനം) പുരുഷന്മാരും 76683(74.21 ശതമാനം) സ്ത്രീകളുമാണ് വോട്ട് ചെയ്തത്. 1965 രൂപീകൃതമായ കോന്നി മണ്ഡലത്തില്‍ 212 ബൂത്തുകളാണുള്ളത്.
വോട്ട് ഉണ്ടോയെന്ന് പരിശോധിക്കാം
നാഷണല്‍ വോട്ടേഴ്‌സ്  സര്‍വീസ് പോര്‍ട്ടല്‍ എന്ന വെബ്‌സൈറ്റിലൂടെ (www.nvsp.in) കോന്നി മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് വോട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ കഴിയും. സെപ്തംബര്‍ 20 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷിച്ചവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.