സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതിയായ ലൈഫ് മിഷൻ വയനാട് ജില്ലയിൽ ആശാവഹമായ പുരോഗതി കൈവരിച്ചെന്ന് ഒ.ആർ കേളു എം.എൽ.എ പറഞ്ഞു. ജില്ല കളക്ടറേറ്റ് എ.പി.ജെ ഹാളിൽ ചേർന്ന ലൈഫ് മിഷൻ ജില്ലാതല കർമ്മ സമിതിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നും രണ്ടും ഘട്ടങ്ങളിലായി അവശേഷിക്കുന്ന വീടുകൾ സമയ ബന്ധിതമായി പൂർത്തിയാക്കാനും അപ്പിലുകൾ അടിയന്തരമായി തീർപ്പാക്കാനും എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് വയനാട്ടിലും ജില്ലാതല കർമ്മ സമിതി യോഗം ചേർന്നതെന്ന് മുഖ്യമന്ത്രിയുടെ വികസന ഉപദേഷ്ടാവ് സി.എസ് രഞ്ജിത്ത് പറഞ്ഞു. ജില്ലാതലത്തിലും തദ്ദേശ സ്ഥാപനതലത്തിലും കൂടുതൽ വീടുകൾ പൂർത്തിയാക്കിയത് വയനാട് ജില്ലയാണ്. രാജ്യത്തു തന്നെ സമാനതകളില്ലാത്ത പദ്ധതിയാണ് ലൈഫ് മിഷൻ എന്നും അദ്ദേഹം പറഞ്ഞു. സമ്പൂർണ്ണമായ പുനരധിവാസമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൂന്നാംഘട്ടത്തിൽ ഭവന സമുച്ഛയങ്ങളോടൊപ്പം തന്നെ സാംസ്‌കാരികവും തൊഴിൽ സാഹചര്യവും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. പ്രകൃതി സൗഹാർദ്ദ നിർമാണ രീതിയാണ് ഭവന സമുച്ഛയങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളത്. മനുഷ്യത്വപരമായ ഇടപെടൽ കൂടി ലൈഫ് മിഷനിലൂടെ സാധ്യമാക്കും. മാരകരോഗം പിടിപ്പെട്ടവർക്കും അശരണരായവർക്കും ആവശ്യമായ അധികസഹായം ലഭ്യമാക്കാൻ സന്നദ്ധ സംഘടനകളുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തും. ജില്ലയിൽ തണ്ണീർതടങ്ങളെ കൂടാതെ പ്രകൃതി ദുരന്ത പ്രദേശങ്ങളിൽ നിന്നും മാറ്റിതാമസിപ്പിക്കേണ്ടവരെ കൂടി പരിഗണിക്കും. ഭവന സമുച്ഛയങ്ങളിലേക്ക് പുനരധിവസിക്കുന്നതിനു മുന്നോടിയായി ഗുണഭോക്താക്കൾക്കായി പ്രത്യേകം കാമ്പയിൻ സംഘടിപ്പിക്കും. മൂന്നാംഘട്ടത്തിനായി അടിയന്തരമായി സ്ഥലം കണ്ടെത്താൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ യോഗം ചേരും. ഒക്ടോബോർ അവസാനത്തോടെ ഭൂമി കണ്ടെത്തി നല്കാനാണ് നിർദേശം. റവന്യൂ ഭൂമി, തദ്ദേശ സ്ഥാപന ഉടമസ്ഥതയിലുള്ള ഭൂമി, പദ്ധതികൾക്കായി മാറ്റിവെച്ചിട്ടും ഉപയോഗിക്കാതെ കിടക്കുന്ന വിവിധ വകുപ്പുകളുടെ അധീനതയിലുള്ള ഭൂമി എന്നിവയുടെ വിവരങ്ങൾ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. സമയബന്ധിതമായി ജില്ലയെ സമ്പൂർണ്ണ പാർപ്പിട സുരക്ഷ ജില്ലയായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.

പട്ടികജാതി/ പട്ടിക വർഗ്ഗ, മത്സ്യബന്ധന തൊഴിലാളികൾ എന്നീ വിഭാഗത്തിൽപ്പെട്ട മുഴുവൻ ആളുകളെയും ലൈഫ് മിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി റേഷൻ കാർഡ്, 25 സെന്റ് ഭൂമി എന്നീ മാനദണ്ഡങ്ങളിൽ നിന്നും ഈ വിഭാഗങ്ങളെ പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ടെന്ന് മിഷൻ ഡെപ്യൂട്ടി സിഇഒ സാബുക്കുട്ടൻ നായർ പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ആദിവാസി വിഭാഗക്കാരുടെ വീടുകളുടെ ഗുണനിലവാരവും നിർമാണത്തിലെ സുതാര്യതയും തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പു വരുത്താനും നിർദേശം നൽകിയിട്ടുണ്ട്.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, സബ് കളക്ടർ എൻ.എസ്.കെ ഉമേഷ്, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ സിബി വർഗ്ഗീസ്, കർമ്മ സമിതി കൺവീനറും ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറുമായ പി.സി മജീദ്, എഡിഎം തങ്കച്ചൻ ആന്റണി, തദേശ സ്ഥാപന അദ്ധ്യക്ഷർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.