വയനാട് ജില്ലയുടെ വികസനത്തിന് മുതൽക്കൂട്ടാവാൻ ട്രൈബൽ സൊസൈറ്റികളെ ശാക്തീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ വികസന ഉപദേഷ്ടാവ് സി.എസ് രഞ്ജിത്ത് അഭിപ്രായപ്പെട്ടു. നിലവിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മറ്റു സൊസൈറ്റുകളുടെ സഹകരണം ഇതിനായി തേടണം. വയനാട്ടിലെ ട്രൈബൽ സൊസൈറ്റികളെ സാങ്കേതികവും സാമ്പത്തികവും സാംസ്‌കാരികവുമായി ശാക്തീകരിക്കണം. ഭാവിയിൽ ട്രൈബൽ സൊസൈറ്റികളുടെ സേവനം വിവിധ മേഖലകളിൽ ഉപയോഗപ്പെടുത്താൻ കഴിയും. ജില്ലയുടെ സാങ്കേതികമായ പിന്നോക്കാവസ്ഥയ്ക്കും ഒരു പരിധിവരെ ഇതുവഴി പരിഹാരമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലൈഫ് മിഷൻ ജില്ലാതല കർമ്മ സമിതിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.