കാക്കനാട്: എറണാകുളം നിയമസഭാ മണ്ഡല ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ നിലവിൽ വന്ന മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അറിയിച്ചു.

ഏതെങ്കിലും തരത്തിലുള്ള ലംഘനമുണ്ടായാൽ കർശന നിയമ നടപടി സ്വീകരിക്കും. സർക്കാർ ഓഫീസുകൾക്കും ജീവനക്കാർക്കും ഇത് ബാധകമാണ്. സർക്കാർ ജീവനക്കാർ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്കോ സ്ഥാപനങ്ങൾക്കോ വേണ്ടി പ്രവർത്തിക്കുകയോ പ്രചരണത്തിനിറങ്ങുകയോ ചെയ്യരുത്.

ഏതെങ്കിലും സ്ഥാനാർത്ഥിക്കുവേണ്ടി വോട്ട് അഭ്യർത്ഥിക്കാൻ പാടില്ല. ഓഫീസ് പരിസരങ്ങളിൽ ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ പതിക്കാൻ പാടില്ലാത്തതും പതിച്ചവ നീക്കം ചെയ്യേണ്ടതുമാണ്. രാഷട്രീയ പാർട്ടികൾ നടത്തുന്ന പരിപാടികളിൽ ജീവനക്കാർ പങ്കെടുക്കാൻ പാടില്ല.

സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ ചായ് വ് പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുകയോ, ലൈക്ക് ചെയ്യുകയോ, മറ്റുള്ളവർക്ക് അയച്ചു കൊടുക്കുകയോ ചെയ്യരുത്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നും നിർദ്ദേശിച്ചു. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ 21 മുതലാണ് ജില്ലയിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നത്.