കാക്കനാട്: ഭവന രഹിതർ സംസ്ഥാനത്തിന്റെ അഭിമാന പ്രശ്നമാണെന്ന് ലൈഫ് മിഷൻ സംസ്ഥാന കോഡിനേറ്റർ ചെറിയാൻ ഫിലിപ്പ്. ലൈഫ് മിഷൻ ജില്ലാതല കർമ്മസമിതി യോഗത്തിൽ പങ്കെടുത്ത സംസ്ഥാന കോഡിനേറ്റർ പദ്ധതി നിർവ്വഹണത്തിന് ധന പ്രതിസന്ധി ഇല്ല എന്ന് വ്യക്തമാക്കി. ഭവന,ഭൂ രഹിതർക്ക് പാർപ്പിടം ഒരുക്കുന്ന ലൈഫ് മിഷന്റെ മൂന്നാം ഘട്ടം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻസിപ്പൽ പരിധിയിലാണ് ഏറ്റവുമധികം ഭൂരഹിതർ ഉള്ളത്. മുൻസിപ്പൽ അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തുന്നതിന് പരിശ്രമിക്കണമെന്നും സംസ്ഥാന കോഡിനേറ്റർ നിർദ്ദേശിച്ചു. വിവിധ ഭവന നിർമ്മാണ പദ്ധതികളിൽ പണിതീരാത്ത 95 ശതമാനം വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കാൻ ലൈഫിന്റെ ഒന്നാം ഘട്ടത്തിൽ സാധിച്ചു.
പ്രധാനമന്ത്രി ആവാസ് യോജനയിൽ കൂടുതൽ ഭവന നിർമ്മാണം പൂർത്തീകരിച്ച ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരെ സംസ്ഥാന കോഡിനേറ്റർ അഭിനന്ദിച്ചു.
ലക്ഷം വീടുകൾ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി നവീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ് പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിന് ശേഷം ലൈഫ് ഭവന പദ്ധതിക്ക് കൂടുതൽ സ്ഥലം കണ്ടെത്തുന്നതിനായുള്ള സ്പോൺസർഷിപ്പ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ലാ കളകടർ എസ്. സുഹാസ് അറിയിച്ചു.
കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല യോഗത്തിൽ ലൈഫ് മിഷൻ സംസ്ഥാന പ്രോഗ്രാം മാനേജർ എസ്. അജിത, ഹരിത കേരളം മിഷൻ ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.ജി. തിലകൻ, ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഏണസ്റ്റ് സി. തോമസ്, വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.