കാക്കനാട്: ദേശീയ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ പോഷകാഹാര സന്ദേശ യാത്ര പോഷൺ എക്സ്പ്രസ് ജില്ലയിൽ പര്യടനം ആരംഭിച്ചു. ജില്ലാ തല പര്യടനം മാടവനയിൽ എം.സ്വരാജ് എം.എൽ.എ ഫ്ലാഗോഫ് ചെയ്തു.17 ന് തിരുവനന്തപുരത്തു നിന്നു ആരംഭിച്ച പോഷൺ എക്സ്പ്രസ്സ് വിവിധ ജില്ലകളിൽ പര്യടനം നടത്തിയ ശേഷമാണ് ജില്ലയിൽ പ്രവേശിച്ചത്.
വൈകിട്ട് കളക്ട്രേറ്റ് മൈതാനിയിലെത്തിയ സന്ദേശയാത്രയെ വിവിധ കലാപരിപാടികളോടെ സ്വീകരിച്ചു. തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അടക്കമുള്ളവർ പ്രദർശനം വീക്ഷിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ ജെ. മായാലക്ഷ്മി, സീനിയർ സൂപ്രണ്ട് എസ്.സാദിക് തുടങ്ങിവരുടെ നേതൃത്വത്തിൽ ശിശുവികസന പദ്ധതി ഓഫീസർമാർ, അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ തുടങ്ങിയവർ പരിപാടികളിൽ പങ്കെടുത്തു. പോഷൺ എക്സ്പ്രസ് ഇന്നും (25-9) ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും.