ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിയായ ലൈഫ് മിഷന്‍ മൂന്നാംഘട്ട നടത്തിപ്പിന് എല്ലാ വകുപ്പുകളും സംയോജിതമായി സഹകരിക്കും. ഗ്രാമപഞ്ചായത്തുകള്‍ നേതൃനിരയില്‍ നിന്ന് പ്രവര്‍ത്തിക്കും. ജില്ലാകളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ ലൈഫ് മിഷന്‍ ജില്ലാതല കര്‍മസേന യോഗം കളക്ട്രേറ്റില്‍ ചേര്‍ന്നു.

പ്രധാനമായും മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് ലക്ഷ്യമിടുന്നതെന്നും ഇതിനായുള്ള ഭൂമി സമാഹരിക്കല്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തണമെ നവകേരള മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് യോഗത്തിന് നേതൃത്വം നല്കിക്കൊണ്ട് സംസാരിച്ചു.

റേഷന്‍ കാര്‍ഡ് എന്ന മാനദണ്ഡം മാറ്റാതെ മറ്റേതെങ്കിലും മാനദണ്ഡത്തില്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ഭൂപ്രകൃതി അനുസരിച്ച് ലൈഫിലെ മാനദണ്ഡങ്ങള്‍ക്ക് മാറ്റം വരുത്തണമെന്നും സര്‍ക്കാര്‍ നല്കിയ ഭൂമിയില്‍ വീട് വെയ്ക്കാന്‍ സാധ്യമല്ലാത്തവരെ ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും ഇ.എസ് ബിജിമോള്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.

ജില്ലയില്‍ മൂന്നാംഘട്ടത്തില്‍ അര്‍ഹതയുള്ള 5410   ഗുണഭോക്താക്കളാണുള്ളത്.ഇതിന്റെ നടത്തിപ്പിനായി ജില്ലയില്‍ എല്ലാ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ കര്‍മ്മപദ്ധതികള്‍ രൂപികരിക്കും. ഡിസംബര്‍ 31 നകം ജില്ലയിലെ 10682 വീടുകളുടെയും പണിയാണ് പൂര്‍ത്തിയാക്കുന്നത്.

നാലു ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ലൈഫ് മിഷന്‍ ഒന്നാം ഘട്ടത്തില്‍ വിവിധ പദ്ധതികളില്‍ നിര്‍മാണം ഏറ്റെടുത്ത് മുടങ്ങിപ്പോയ അപൂര്‍ണമായ വീടുകളുടെ പൂര്‍ത്തികരണവും രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുെട ഭവനനിര്‍മാണവും മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവും നാലാം ഘട്ടത്തില്‍ വാസയോഗ്യമല്ലാത്ത വീടുകള്‍ വാസയോഗ്യമാക്കുകയുമാണ് പ്രവര്‍ത്തന പദ്ധതികള്‍.

സംസ്ഥാന സര്‍ക്കാരിന്റെ ബഡ്ജറ്റ് വിഹിതവും ത്രിതല തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ പദ്ധതി വിഹിതവും ഹഡ്കോ വായ്പയും സ്പോണ്‍സര്‍ഷിപ്പും ക്രൗഡ് ഫണ്ടിംഗും ഉള്‍പ്പെടെയുള്ള ധനസഹായ മാര്‍ഗ്ഗങ്ങളിലൂടെയാണ് വിവിധഘട്ടങ്ങളുടെ പൂര്‍ത്തികരണം ലക്ഷ്യമിടുന്നത്.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചുത്രേസ്സ്യാ പൗലോസ്, ലൈഫ് മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ പ്രവീണ്‍, പ്രൊജക്ട് ഡയറക്ടര്‍ പി.സുരേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്സ് അസ്സോസിയേഷന്‍ പ്രസിഡണ്ട്  എ.റ്റി അഗസ്റ്റിന്‍, സെക്രട്ടറി കെ.പി ബിനു, വിവിധ ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.