ഇടുക്കി: ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അദ്ധ്യക്ഷനായ ജില്ലാ കേബിള്‍ ടിവി മോണിറ്ററിങ് കമ്മിറ്റി പുനസംഘടിപ്പിച്ചു. കലക്ട്രേറ്റില്‍  ചേര്‍ന്ന സമിതിയുടെ പ്രഥമ യോഗം കേബിള്‍ ടിവി സംപ്രേഷണം ശക്തമായി നിരീക്ഷീക്കാന്‍ തീരുമാനിച്ചു. രജിസ്റ്റര്‍ ചെയ്യാത്ത കേബില്‍ ടിവി സ്ഥാപനങ്ങള്‍ ഉടന്‍ നിയമപരമായ രജിസ്റ്റര്‍ നടപടി പൂര്‍ത്തിയാക്കണമെന്ന് സമിതി നിര്‍ദ്ദേശിച്ചു.

കേബില്‍ ടിവി നെറ്റ് വര്‍ക്ക് (റെഗുലേഷന്‍) ആക്റ്റ് 1995 നിഷ്‌കര്‍ഷിക്കുന്ന പ്രോഗ്രാം കോഡ് അഡ്വര്‍ടൈസ്‌മെന്റ് കോഡ്് എന്നിവ കര്‍ശനമായി പാലിക്കാനും  സമിതി ആവശ്യപ്പെട്ടു. ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍, അടിമാലി സ്‌റ്റെല്ലാ മേരീസ് കോളേജ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ പുഷ്പലത, ശിശുക്ഷേമസമിതി സെക്രട്ടറി കെ. ആര്‍ ജനാര്‍ദ്ദനന്‍, ഗിരി ജ്യോതി കോളേജ് പ്രിന്‍സിപ്പാള്‍ ഫാ. ടോജി പുത്തന്‍കടുപ്പില്‍, ജില്ലാ വിമണ്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. റോസക്കുട്ടി എബ്രാഹാം എന്നിവര്‍ അംഗങ്ങളും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍ സമിതിയുടെ കണ്‍വീനറുമാണ്.

കേബില്‍ ടിവിയില്‍ വരുന്ന പരിപാടികളില്‍ പരാതിയുള്ളവര്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കുയിലിമല, ഇടുക്കി എന്ന വിലാസത്തില്‍ അറിയിക്കാമെന്ന് സമിതി അറിയിച്ചു.