പാലക്കാട്: ജൂണ്‍ 30ന് അവസാനിച്ച നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ജില്ലയില്‍ ബാങ്കുകള്‍ സമാഹരിച്ചത് 36097 കോടിയുടെ നിക്ഷേപം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3666 കോടിയുടെ വര്‍ദ്ധനവാണ് നിക്ഷേപത്തില്‍ ഉണ്ടായിരിക്കുന്നത്. കൂടാതെ മുന്‍വര്‍ഷത്തേതില്‍ നിന്നും 3501 കോടിയുടെ അധികവായ്പയാണ് ബാങ്കുകള്‍ നല്‍കിയിരിക്കുന്നതായും ജില്ലാതല ബാങ്കിങ് അവലോകന സമിതി വിലയിരുത്തി.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം അവസാനിക്കുമ്പോള്‍ ജില്ലയില്‍ കാര്‍ഷികമേഖലയ്ക്കു ബാങ്കുകള്‍ നല്‍കിയത് 1723 കോടിയുടെ വായ്പയാണ്. 4897 കോടിയുടെ വാര്‍ഷിക ലക്ഷ്യത്തില്‍ 35 ശതമാനം നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. വിള, ജലസേചനം, ഭൂവികസനം, ക്ഷീരമേഖല തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട വിവിധ മേഖലകള്‍ക്കായാണ് വായ്പ നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന തൊഴില്‍ദാന പദ്ധതികള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കി ബാങ്കുകള്‍ ഫണ്ട് അനുവദിക്കണമെന്നും സ്വയംതൊഴില്‍ ചെയ്യാന്‍ തയ്യാറാവുന്നവര്‍ക്ക് കൂടുതല്‍ മുദ്രലോണുകള്‍ അനുവദിക്കാന്‍ ബാങ്കുകള്‍ തയ്യാറാവാണമെന്നും ഹോട്ടല്‍ സായൂജ്യം റസിഡന്‍സിയില്‍ നടന്ന പരിപാടിയില്‍ വി.കെ.ശ്രീകണ്ഠന്‍ എം.പി പറഞ്ഞു.

ജില്ലയില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 10985 കിസാന്‍ കാര്‍ഡുകളിലായി 29669 ലക്ഷം രൂപയും മുദ്ര ലോണ്‍ വിഭാഗത്തില്‍ 11901 അക്കൗണ്ടുകളിലായി 8872 ലക്ഷം രൂപയും വിദ്യാഭ്യാസ ലോണ്‍ ഇനത്തില്‍ 40157 വിദ്യാര്‍ത്ഥികള്‍ക്കായി 1620 ലക്ഷം രൂപയും വായ്പ നല്‍കിയതായി ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.

ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അധ്യക്ഷനായ അവലോകന സമിതിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, ലീഡ് ബാങ്ക് ഡിവിഷണല്‍ മാനേജര്‍ ഡി.അനില്‍, കനറാ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സി.എം.ഹരിലാല്‍, ആര്‍.ബി.ഐ ലീഡ് ഡിസ്ട്രിക്ട് ഓഫീസര്‍ പി.ജി.ഹരിദാസ്, നബാര്‍ഡ് ഡി.ഡി.എം ലാലു.പി.എന്‍.കുട്ടി എന്നിവര്‍ സംസാരിച്ചു.