* സംസ്ഥാനതല ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു

സ്‌കൂൾ വിദ്യാർത്ഥികളിൽ പുരാരേഖാ അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട്  സംസ്ഥാന പുരാരേഖ വകുപ്പ് നടപ്പിലാക്കുന്ന കുട്ടികൾ ആർക്കൈവ്സിന്റെ സുഹൃത്ത് -ദ്വിദിന സമ്പർക്ക പരിപാടിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മണക്കാട് കാർത്തിക തിരുനാൾ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി നിർവഹിച്ചു.

പഠനത്തോടൊപ്പം വിദ്യാർഥികളിൽ ചരിത്രബോധവും സൃഷ്ടിക്കണമെന്നും കുട്ടികളിലൂടെ മാത്രമേ പുരാരേഖ വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കാനാകൂ എന്നും മന്ത്രി പറഞ്ഞു. ചാന്ദ്രയാൻ പര്യവേഷണം നടക്കുന്ന ഈ കാലഘട്ടത്തിൽ പൂർവികരുടെ കർമപഥങ്ങളെക്കുറിച്ച് വിദ്യാർഥികൾ ബോധവാ•ാരാകണമെന്നും മന്ത്രി പറഞ്ഞു. കുട്ടികൾക്കായി താളിയോലയുടെയും പുസ്തകത്തിന്റെയും രേഖാചിത്രവും മന്ത്രി വരച്ചു നൽകി.


സ്‌കൂളിൽ നടക്കുന്ന പുരാരേഖ പ്രദർശനം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. പ്രമുഖ ചരിത്രകാര•ാരുടെ ക്ലാസുകൾ, രേഖ പരിചയപ്പെടുത്തൽ, ശാസ്ത്രീയ സംരക്ഷണം, സംശയനിവാരണം എന്നിവയാണ് ആദ്യദിനപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാം ദിനത്തിൽ വകുപ്പിന്റെ താളിയോല രേഖാശേഖരം വിദ്യാർഥികൾക്ക് നേരിട്ട് മനസ്സിലാക്കാനുള്ള സൗകര്യമൊരുക്കും.

ചരിത്രരേഖകളുടെ പ്രാധാന്യം, സംരക്ഷണം, പഠനം, ചരിത്രരചന, ഭരണനിർവഹണം എന്നിവയിൽ കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.ആദ്യഘട്ടത്തിൽ തലസ്ഥാനത്തെ എട്ട് സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കും. തുടർന്ന് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കും.


പുരാരേഖ വകുപ്പ് ഡയറക്ടർ ജെ. രജികുമാർ അധ്യക്ഷത വഹിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടർ കെ. ആർ. സോന, വാർഡ് കൗൺസിലർ മിനി ആർ, മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻപിള്ള, വാസ്തുവിദ്യാ ഗുരുകുലം എക്സിക്യൂട്ടീവ് ഡയറക്ടർ ടി. കെ. കരുണദാസ്, പുരാരേഖ അസിസ്റ്റന്റ് ഡയറക്ടർ പി. ബിജു, സ്‌കൂൾ പ്രിൻസിപ്പൽ അജിത്കുമാർ എസ്., ഹെഡ്മിസ്ട്രസ് വിനീത കുമാരി എൻ., കാർത്തികതിരുനാൾ ഗവ. ഗേൾസ് വി. എച്ച്. എസ്. എസ്. പ്രിൻസിപ്പൽ ജോറ്റിലാ ജോയ്സ്, ഡെപ്യൂട്ടി എച്ച്. എം. സജികുമാർ വി. എസ്., പി.ടി. എ. പ്രസിഡന്റ് മണികണ്ഠൻ എം. തുടങ്ങിയവർ സംബന്ധിച്ചു.