കണ്ണൂർ: ജനാധിപത്യ വേദികളില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ വിദ്യാര്‍ഥികളോട് പ്രതികാര നടപടികള്‍ സ്വീകരിക്കുന്നത് ശരിയായ നടപടിയല്ലെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജേറോം. കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന യുവജന കമ്മീഷന്‍ ജില്ലാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
ചിന്മയ മിഷന്‍ കോളേജ് മാനേജ്‌മെന്റിനെതിരെ ലഭിച്ച പരാതിയിലാണ് കമ്മീഷന്റെ പരാമര്‍ശം. പരാതിയില്‍ പ്രിന്‍സിപ്പലിനെ വിളിച്ചുവരുത്തിയ കമ്മീഷന്‍ അനുശ്രീ എന്ന വിദ്യാര്‍ഥിനിക്ക് കോളേജില്‍ പഠിക്കാനുള്ള എല്ലാ സാഹചര്യവും ഒരുക്കാനും പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കി. വിഷയത്തില്‍ 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. കോളേജില്‍ നേരിട്ട് പരിശോധന നടത്താനും കമ്മീഷന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളില്‍ കമ്മീഷന്‍ അംഗം കോളേജ് സന്ദര്‍ശിക്കും.
വളപ്പട്ടണം കീരിയാട് പ്രദേശത്തെ ലഹരിവസ്തുക്കളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ ശക്തമായ പരിശോധന നടത്താനും ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വില്‍പ്പന നടത്തുന്ന കടയുടമകളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി. നിസാര തുക പിഴയടച്ചാല്‍ ഊരിപ്പോകാന്‍ പറ്റുന്ന സാഹചര്യമാണ് ഈ കേസുകളില്‍ ഇന്നുള്ളത്. ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും കമ്മീഷന്‍ അറിയിച്ചു.
ബഡ്‌സ് സ്‌കൂളിലെ കുട്ടിയുടെ ചെവി അധികൃതര്‍ മുറിച്ചെന്ന പരാതിയില്‍ സ്‌കൂളിന്റെ ഭാഗത്ത് വീഴ്ച പറ്റിയിട്ടുണ്ടെന്നും എന്താണ് കുട്ടിയുടെ ചെവിക്ക് സംഭവിച്ചത് എന്ന് പറയാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും കമ്മീഷന്‍ വിലയിരുത്തി. കൂടുതല്‍ അന്വേഷണത്തിനും തെളിവ് സമര്‍പ്പിക്കുന്നതിനുമായി പരാതി അടുത്ത അദാലത്തിലേക്ക് മാറ്റി.
പി എസ് സി കോളേജ് അധ്യാപക നിയമനപട്ടികയിലെ മെയിന്‍ ലിസ്റ്റില്‍ 48 ാം റാങ്കും പി എച്ച് ഓര്‍ത്തോ ലിസ്റ്റില്‍ ഒന്നാം റാങ്കുകാരനുമായ നിതീഷിന്റെ നിയമനം പി എസ് സി നിഷേധിച്ചുവെന്ന പരാതിയില്‍ പി എസ് സി സെക്രട്ടറിയില്‍ നിന്നും അടിയന്തരമായി റിപ്പോര്‍ട്ട് തേടാന്‍ കമ്മീഷന്‍ തീരുമാനിച്ചു. വിദ്യാര്‍ഥികളുടെയും ഉദ്യോഗാര്‍ഥികളുടെയും സര്‍ട്ടിഫിക്കറ്റ് തടഞ്ഞ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ കമ്മീഷന് ലഭിക്കുന്നുണ്ടെന്നും ചിന്ത ജേറോം അറിയിച്ചു.
ഒമ്പത് പരാതികള്‍ അദാലത്തില്‍ പരിഗണിക്കുകയും പുതുതായി ലഭിച്ച പരാതികള്‍ ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. നാല് പരാതികള്‍ തീര്‍പ്പാക്കുകയും അഞ്ച് എണ്ണം തുടര്‍നടപടികള്‍ കൈകൊള്ളുന്നതിനും അടുത്ത അദാലത്തിലേക്കുമായി മാറ്റി. കമ്മീഷന്‍ സെക്രട്ടറി ടി കെ ജയശ്രീ, അംഗങ്ങളായ കെ പി ഷജീറ, വി വിനില്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.