കാക്കനാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ പാലനം ഉറപ്പാക്കുന്നതിനായി സ്ക്വാഡുകള്‍ നിരീക്ഷണം ശക്തമാക്കി. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ.ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിലുള്ള ആന്റി ഡീഫേസ്മെൻറ് സ്ക്വാഡുകളാണ് വിവിധ സ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകളും ബാനറുകളും മറ്റ് പ്രചാരണ സാമഗ്രികളും നീക്കം ചെയ്യുന്നത്.
കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരിസരത്തെ പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യുന്നതിന് എ.ഡി.എം നേരിട്ടെത്തി നേതൃത്വം നല്‍കി. സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും പതിച്ചിട്ടുള്ള പോസ്റ്ററുകളും ബാനറുകളും ഉടനെ നീക്കം ചെയ്യണണെന്ന് അദ്ദേഹം അറിയിച്ചു.
സ്ക്വാഡുകള്‍ നീക്കം ചെയ്യുന്ന പക്ഷം ഇതിന് ചെലവാകുന്ന തുക സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും.
പെരുമാറ്റച്ചട്ടപ്രകാരം ഓഫീസ് പരിസരങ്ങളിൽ ഭരണനേട്ടങ്ങൾ പ്രചരിപ്പിക്കുന്ന പോസ്റ്ററുകളും ബാനറുകളും പതിക്കാൻ പാടില്ലാത്തതും പതിച്ചവ നീക്കം ചെയ്യേണ്ടതുമാണ്.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ.ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിലുള്ള ആന്റി ഡീഫേസ്മെൻറ് സ്ക്വാഡ് കളക്ടറേറ്റ് പരിസരത്തുള്ള പ്രചരണ സാമഗ്രികളുംമറ്റും നീക്കം ചെയ്യുന്നു.