ഒക്ടോബര്‍ രണ്ടിന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും   

വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് രാവിലെ 11 ന് മുക്കാലി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ അങ്കണത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ രാജു അധ്യക്ഷനാവും.

പൊതുജനങ്ങള്‍ക്കിടയില്‍ വനസംരക്ഷണത്തെക്കുറിച്ച് അവബോധം വളര്‍ത്തി സഹകരണം ഉറപ്പാക്കുന്നതിനാണ് ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ നടക്കുന്ന വന്യജീവി വാരാചരണം ലക്ഷ്യമിടുന്നത്. സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തുന്നത്.

പരിപാടിയില്‍ വി.കെ ശ്രീകണ്ഠനന്‍ എം.പി, എം.എല്‍.എ.മാരായ അഡ്വ. കെ ഷംസുദ്ദീന്‍, കെ.വി വിജയദാസ് എന്നിവര്‍ വിശിഷ്ടാകളാവും. വന്യജീവി വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ചീഫ് ഫോറ്‌സ്റ്റ് കണ്‍സര്‍വേറ്ററുമായ ബി.എന്‍ അഞ്ജന്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ഫോറസ്റ്റ് ഫോഴ്‌സ് തലവനും പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുമായ പി.കെ കേശവന്‍ വന്യജീവി വാരാഘോഷ സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി, ഈസ്റ്റേണ്‍ സര്‍ക്കിള്‍ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ പി.പി പ്രമോദ്, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.