വയനാട്: ജില്ലാ വികസന സമിതി യോഗം സിവിൽ സ്‌റ്റേഷനിലെ ജില്ലാ ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ ചേർന്നു. സെപ്തംബർ മാസത്തിലെ പദ്ധതി വിനിയോഗത്തിലെ പുരോഗതിയും ആഗസ്റ്റിലെ വികസന സമിതിയുടെ തീരുമാനങ്ങളും അവലോകനം ചെയ്തു.

പദ്ധതി വിനിയോഗത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ 26.52 ശതമാനം കൈവരിച്ചു. ജില്ലാ പഞ്ചായത്ത് 27.82, ബ്ലോക്ക് പഞ്ചായത്ത് 29.32, മുൻസിപ്പാലിറ്റി 29.12, ഗ്രാമപഞ്ചായത്ത് 24.65 എന്നിങ്ങനെയാണ് പദ്ധതി വിനിയോഗത്തിലെ ശതമാനം. വിവിധ വകുപ്പുകൾ സംസ്ഥാന പദ്ധതി വിഹിതത്തിൽ ലഭിച്ച തുകയുടെ 49.71 ശതമാനവും സമ്പൂർണ്ണ കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ 18.79 ശതമാനവും മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ ലഭിച്ച തുകയുടെ 85.16 ശതമാനവും വിനിയോഗിച്ചിട്ടുണ്ട്.

എം.എൽ.എ ഫണ്ട് വിനിയോഗത്തിൽ കാലതാമസമുണ്ടാകുന്നത് പരിഹരിക്കാൻ പ്രത്യേകം യോഗം ചേരുമെന്ന് സി.കെ ശശീന്ദ്രൻ എം.എൽ.എ അറിയിച്ചു. ജില്ലാ വികസന സമിതി തീരുമാനങ്ങളിൽ സമയബന്ധിതവും കാര്യക്ഷമവുമായ നടപടി ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടാവണമെന്ന് ജില്ലാ കളക്ടർ എ.ആർ അജയകുമാർ ആവശ്യപ്പെട്ടു.

കടമാൻതോട് പദ്ധതി യാഥാർത്ഥ്യമാക്കുന്നത് പരിശോധിക്കാൻ പദ്ധതിയുടെ ഗുണഭോക്താക്കളായ പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തി സർവ്വകക്ഷി യോഗം ചേരണമെന്ന് എം.പിയുടെ പ്രതിനിധി കെ.എൽ പൗലോസ് ശ്രദ്ധയിൽപെടുത്തി. സംയോജിത പദ്ധതികളുടെ സാങ്കേതിക പ്രശ്‌നങ്ങൾ പദ്ധതി വിനിയോഗത്തെ ബാധിക്കുന്നുണ്ടെന്ന് വിവിധ വകുപ്പുകൾ സമിതിയെ അറിയിച്ചു. ബേഗൂർ റെയ്ഞ്ചിലുൾപ്പെട്ട ഒണ്ടയങ്ങാടിയിൽ സ്വഭാവിക വനമായി മാറിയ പ്ലാന്റേഷൻ മുറിച്ചുമാറ്റി വീണ്ടും തേക്ക് മരങ്ങൾ നടാനുള്ള തീരുമാനത്തിൽ ജില്ലാ കളക്ടർ നോർത്ത് വയനാട് ഡി.എഫ്.ഒയോട് വിശദീകരണം തേടിയിട്ടുണ്ട്.

പടിഞ്ഞാറത്തറ-കൽപ്പറ്റ റൂട്ടിൽ സ്വകാര്യ ബസ്സുകൾ ട്രിപ്പുകൾ മുടക്കുന്നെന്ന പരാതി പരിഹരിക്കാൻ റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസറുടെ നേതൃത്വത്തിൽ യോഗം ചേരാൻ തീരുമാനിച്ചു. ജില്ലയിലെ പൊതുമരാമത്ത്, ദേശീയപാത റോഡുകളിലെ അപകട സാധ്യത മേഖലകൾ കണ്ടെത്തി സ്പീഡ് ബ്രേക്കറുകൾ, സൈൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് പൊലീസ് വകുപ്പ് അറിയിച്ചു.

ബേഗൂർ-തിരുനെല്ലി റോഡിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതുമായ ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നല്കി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ, സബ് കളക്ടർ എൻ.എസ്.കെ ഉമേഷ്, എഡിഎം തങ്കച്ചൻ ആന്റണി, ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻ ചാർജ് സുഭദ്ര നായർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.