കൊല്ലം: ഗാന്ധിയന്‍ സമദര്‍ശനത്തിന് ഇന്ത്യയില്‍ പ്രസക്തിയേറുന്നുവെന്നും എന്നാല്‍ ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ദലിത് പീഡനങ്ങള്‍ വേദനയുണ്ടാക്കുന്നതായും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം സംഘടിപ്പിച്ച സമദര്‍ശന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ക്രിസ്തുരാജ് സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഐക്യരാഷ്ട്ര സഭയില്‍ ഗ്രെറ്റ എന്ന കൊച്ചു പെണ്‍കുട്ടി പരിസ്ഥിതിയേക്കുറിച്ച് പറയുമ്പോള്‍ ഇന്ത്യയില്‍ വെളിയിട വിസര്‍ജനം നടത്തിയതിന് കുഞ്ഞുങ്ങള്‍ തല്ലിക്കൊല്ലപ്പെടുന്നു. കേരളത്തില്‍ ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നില്ലെന്ന് മാത്രമല്ല പിന്നാക്കക്കാരായ എല്ലാ കുഞ്ഞുങ്ങള്‍ക്കും ലോകോത്തരമായ വിദ്യാഭ്യാസം ലഭിക്കാനുള്ള സാഹചര്യം സര്‍ക്കാരിന് നല്‍കാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് സ്ത്രീകളും ഏറെ വിഷമതകളെ നേരിടുന്നുണ്ട്. ഇതിനെതിരെ കേരളീയ ജനസമൂഹം ചിന്തിക്കേണ്ട കാലം അതിക്രമിച്ചെന്നും മന്ത്രി പറഞ്ഞു.
എം നൗഷാദ് എം എല്‍ എ അധ്യക്ഷത വഹിച്ചു. മേയര്‍ വി രാജേന്ദ്രബാബു, പൊതുവിദ്യാഭ്യാസ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റെനി ആന്റണി, പോള്‍ ആന്റണി, ജയകുമാര്‍, ജി കെ ഹരികുമാര്‍, സജി വര്‍ഗീസ്, ജി ഫ്രാന്‍സിസ്, റോയ്സ്റ്റന്‍, കെ ജി പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.