പത്തനംതിട്ട: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലയില്‍ ഗാന്ധിജയന്തി വാരാചരണം വിപുലമായി നടത്തും. എഡിഎം:സജി എഫ് മെന്‍ഡിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനമായത്. ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് രാവിലെ ഏഴിന് റിംഗ് റോഡിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍വഹിക്കും.
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഹരിത കേരളം മിഷന്, ശുചിത്വമിഷന്, ഐ.ടി മിഷന്, തദ്ദേശഭരണവകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യം, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍, സംഘടനകള്‍, ഗാന്ധിയന്‍ സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് വാരാചരണം സംഘടിപ്പിക്കുന്നത്.
ഒക്ടോബര്‍ രണ്ടു മുതല്‍ എട്ട് വരെയാണ് വാരാചരണം.
കോന്നി നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിച്ചുകൊണ്ടാകും വാരാചരണം സംഘടിപ്പിക്കുക. രണ്ടിന് ജില്ലാതല ഉത്ഘാടനത്തിന് മുമ്പായി രാവിലെ ഗാന്ധി പ്രതിമയില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഹാരാര്‍പ്പണം നടത്തും. രാവിലെ 8.30ന് പത്തനംതിട്ട – എക്സൈസ് വകുപ്പിന്റെ ഏകോപനത്തില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണ ശാന്തിയാത്ര സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ ജില്ലാ കളക്ടര്‍ ഫ്ളാഗ് ഓഫ് ചെയ്യും.
അവിടെ നിന്നും സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തിച്ചേര്‍ന്ന് മഹാത്മാഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി പോസ്റ്റ് ഓഫീസ് റോഡിലൂടെ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമാപിക്കും. ജില്ലയിലെ ആറു താലൂക്കുകളിലെ ആറ് സ്കൂളുകളില്‍ ഒക്ടോബര്‍ 1 മുതല്‍ 4 വരെ വിമുക്തി ബോധവത്ക്കരണ സന്ദേശവും ഗാന്ധി അനുസ്മരണവും പത്തനംതിട്ട എക്സൈസിന്റെ ആഭിമുഖ്യത്തില്‍ നടത്തും.
രണ്ടുമുതല്‍ എട്ടുവരെയുള്ള ദിവസങ്ങളില്‍ ഗാന്ധി സന്ദര്‍ശിച്ച സ്ഥലം എന്ന നിലയില്‍ ചരിത്രപ്രാധാന്യമുള്ള ഇലന്തൂരില്‍ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണവും സെമിനാറും, ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തണ്ണിത്തോട് ഇലവുങ്കല്‍ കോളനിയിലെ അമ്പതോളം കുടുംബങ്ങള്‍ക്ക് ശുചിത്വബോധവത്ക്കരണം, എഴിക്കാട് കോളനിയില്‍ പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ ആരോഗ്യവിഭാഗത്തിന്റെ മെഡിക്കല്‍ ക്യാമ്പ്, ഇലന്തൂര്‍, കോയിപ്രം, മല്ലപ്പള്ളി, പുളിക്കീഴ് ബ്ലോക്കുകളില്‍ വാര്‍ഡ്തല ഹരിതനിയമ ക്യാമ്പയിനുകള്‍, തിരുവല്ല, പത്തനംതിട്ട ഉപജില്ലകളില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന, ക്വിസ് മത്സരങ്ങള്‍, പട്ടിക ജാതി, വര്‍ഗ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ‘ഐക്യത്തിലൂടെ അതിജീവനം’ എന്ന വിഷയത്തില്‍ സെമിനാറുകള്‍, വിവിധ മത്സരങ്ങള്‍, സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിയന്‍ സെമിനാര്‍, എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ ശുചിത്വ തപസ് എന്ന പേരില്‍ പരിപാടി തുടങ്ങിയവ സംഘടിപ്പിക്കും.
സംസ്ഥാന യുവജനക്ഷേമ ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ അടൂര്‍ ബൈപ്പസ് ശുചീകരണവും തൈകള്‍ വച്ചുപിടിപ്പിക്കലും നടത്തും. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ ഓഫീസിന്റെ നേതൃത്വത്തില്‍ റാന്നി മിനി സിവില്‍ സ്റ്റേഷനിലുള്ള തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബര്‍ രണ്ടിന് രാവിലെ പ്രത്യേക അസംബ്ളി വിളിച്ചു ചേര്‍ത്ത് ശുചികരണ പ്രവര്‍ത്തനങ്ങള്‍, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പഞ്ചായത്ത്, ബ്ലോക്ക്, മുന്‍സിപ്പല്‍ തലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നടക്കും.
വിവിധ വകുപ്പുകള്‍ നടത്തുന്ന പരിപാടികളുടെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള മികച്ച വീഡിയോയ്ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സമ്മാനം നല്‍കും. ഗാന്ധിജയന്തി വാരാചരണം ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം, ഗാന്ധിയന്‍ സന്ദേശം പ്രചരിപ്പിക്കുന്ന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള സ്കിറ്റ് മത്സരം തുടങ്ങിയവയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കും. യോഗത്തില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.