പത്തനംതിട്ട റിംഗ് റോഡിനെ പൂര്‍ണമായും സൗന്ദര്യവല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം കുറിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ്. ഗാന്ധിജയന്തി ദിനത്തില്‍ 5.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റിംഗ് റോഡ് ശുചീകരിക്കുകയും രണ്ടാം ഘട്ടമായി സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടം പത്തനംതിട്ട റിംഗ് റോഡിന്റെ ശുചീകരണമാണ്. ഇതിന്റെ പ്രവര്‍ത്തനം എങ്ങനെ നടത്തണമെന്ന് ആലോചിക്കുന്നതിനായി കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളില്‍ മാലിന്യ സംസ്‌ക്കരണത്തില്‍ പുതിയ സംസ്ക്കാരമുണ്ടാക്കിയെടുക്കു കയാണ് ലക്ഷ്യം. ശുചീകരണത്തിന്റെ ഉദ്ഘാടനം രാവിലെ ഏഴിന് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ജില്ലാ കളക്ടര്‍ നിര്‍വഹിക്കും. എല്ലാ ജനങ്ങളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വലിയ പ്രവര്‍ത്തനമാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.
ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഹരിത കേരളം മിഷന്‍-ശുചിത്വമിഷന്‍, പത്തനംതിട്ട നഗരസഭ എന്നിവയുടെ നേതൃത്വത്തില്‍ ടൗണിനടുത്തുള്ളതും സമീപ പ്രദേശത്തുള്ളതുമായ സ്‌കൂള്‍ കോളജുകളിലെ വിദ്യാര്‍ഥികള്‍, റസിഡന്‍സ് അസോസിയേഷന്‍, വിവിധ ക്ലബ്ബുകള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, ഓട്ടോ ടാക്സി യൂണിയനുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഐടി മിഷന്‍, പെട്രോള്‍ പമ്പുകള്‍, പ്രദേശവാസികള്‍ തുടങ്ങി ആയിരത്തിലധികം പേര്‍ ശുചീകരണത്തിന്റേയും സൗന്ദര്യവത്കരണത്തിന്റേയും ഭാഗമാകും.
സൗന്ദര്യവത്ക്കരണത്തിന്റെ ആദ്യപടിയായി റിംഗ് റോഡ് ശുചീകരിക്കും. ശേഷം ശുചിയാക്കിയ സ്ഥലം ഏരിയ തിരിച്ച് സ്‌കൂള്‍, കോളേജ്, മറ്റ് സംഘടനകള്‍ എന്നിവര്‍ക്ക് അന്‍പത് മീറ്റര്‍ എന്ന നിലയില്‍ നല്‍കുകയും അവര്‍ ചെടികള്‍ നട്ട് പരിപാലിക്കുകയും ചെയ്യുകയാണ് പദ്ധതി. ഏറ്റെടുക്കുന്ന സ്ഥലത്ത് അവരുടെ നെയിം ബോര്‍ഡുകള്‍ സ്ഥാപിക്കും.
ഏറ്റവും മികച്ച രീതിയില്‍ പരിപാലിക്കുന്നവര്‍ക്ക് അടുത്ത ഗാന്ധിജയന്തി ദിനത്തില്‍ അവാര്‍ഡ് നല്‍കും. കളക്ടേഴ്സ് അറ്റ് സ്‌കൂള്‍ എല്ലാ സ്‌കൂളുകളിലു കോളജുകളിലും നിര്‍ബന്ധമായി പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി ശുചിത്വ മിഷന്‍ പഞ്ചായത്ത്, നഗരസഭ തലത്തില്‍ പ്ലാസ്റ്റിക് ശേഖരണം നടത്തും. പൊതു സ്ഥലങ്ങള്‍ സ്‌കൂളുകള്‍ തുടങ്ങിയവ വൃത്തിയാക്കുന്ന പദ്ധതിയും നടപ്പിലാക്കും.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍, ഗ്ലാസുകള്‍ തുടങ്ങിയവ ഗാന്ധിജയന്തിക്ക് മുന്‍പ് നിരോധിക്കണമെന്നും കൂടാതെ അവയ്ക്കുള്ള ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ നഗരസഭ പ്രതിനിധിയെ അറിയിച്ചു.
ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി.രാധാകൃഷ്ണന്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, സ്‌കൂള്‍, കോളേജ് പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.