കാക്കനാട്: വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള സംശയ നിവാരണത്തിന് കളക്ടറേറ്റ് ഇലക്ഷൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന കോൾ സെന്ററിൽ ഇതുവരെ ലഭിച്ചത് 179 കോളുകൾ. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനു ശേഷം വോട്ടർ പട്ടിക പുതുക്കുന്നതിന് 2019 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവരിൽ നിന്നും വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ ക്ഷണിച്ചിരുന്നു. സെപ്റ്റംബർ 20 വരെയുള്ള അപേക്ഷകൾ പരിഗണിക്കുമെന്നും അറിയിച്ചു. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തയ്യാറായോ എന്നറിയാൻ പുതിയ അപേക്ഷകരാണ് കോൾ സെന്ററിലേക്ക് കൂടുതലായും വിളിക്കുന്നത്.
1950 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ വോട്ടർ പട്ടിക സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി ലഭിക്കും. സെൻറർ 24 മണിക്കൂറും പ്രവർത്തിക്കും.
രജിസ്ട്രേഷൻ നമ്പർ നൽകിയും വോട്ടു ചെയ്യാം
വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ പ്രിന്റു ചെയ്ത സ്ലിപ് നൽകിയാൽ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാം. വോട്ടർ പട്ടികയിൽ പേരുൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കിയിരിക്കണം.