പിറവം: മുവാറ്റുപുഴയാറിന്‍റെ അടിയൊഴുക്കിനെയും എതിരാളികളെയും പിന്നിലാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) സിബിഎല്‍ നാലാം മത്സരത്തിലും ഒന്നാം സ്ഥാനത്തെത്തി (3.11.08 മിനിറ്റ്).
സംസ്ഥാന ടൂറിസം വകുപ്പ് ഐ.പി.എല്‍ മാതൃകയില്‍ സംഘടിപ്പിച്ചിട്ടുള്ള ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗി(സിബിഎല്‍)ന്‍റെ പിറവത്ത് നടന്ന നാലാം മത്സരത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ഒൻപത് ടീമുകള്‍ മിന്നുന്ന മത്സരമാണ് കാഴ്ച വച്ചത്. ഒഴുക്കിന്‍റെ പേരില്‍ കേരളത്തിലെ ഏറ്റവും ദുഷ്കരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ട്രാക്കില്‍ ആദ്യ ആറു സ്ഥാനക്കാര്‍ തമ്മില്‍ ഫിനിഷ് ചെയ്ത സമയത്തിന്‍റെ അന്തരം കേവലം ആറു സെക്കന്‍റ് മാത്രമാണെന്നത് മത്സരത്തിന്‍റെ വീറും വാശിയും വെളിവാക്കുന്നു.
900 മീറ്റര്‍ നീളമുള്ള ട്രാക്കിലെ മൂന്നു ഹീറ്റ്സിലും സ്ഥാനങ്ങള്‍ നിര്‍ണയിക്കാന്‍ ഫോട്ടോ ഫിനിഷ് വേണ്ടിവന്നു എന്നത് ടീമുകളുടെ മികവ് വ്യക്തമാക്കുന്നതായിരുന്നു. 3.13:33 മിനിറ്റ് കൊണ്ട് ഫിനിഷ് ചെയ്ത് എന്‍സിഡിസി കുമരകം, വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ ദേവസ് ചുണ്ടന്‍(മൈറ്റി ഓര്‍സ്) രണ്ടാം സ്ഥാനത്തെത്തി. പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍( റേജിംഗ് റോവേഴ്സ്) 3.13:50 മിനിറ്റ് സമയം കുറിച്ച് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
നടുഭാഗം ചുണ്ടന്‍ സിബിഎല്ലിന്‍റെ നാല് മത്സരങ്ങളിലെ തന്നെ ഏറ്റവും മികച്ച സമയം (3.07.80 മിനിറ്റ്) കുറിച്ച് ഹീറ്റ്സില്‍ ഒന്നാമതെത്തി. ചമ്പക്കുളം ചുണ്ടന്‍ (കോസ്റ്റ് ഡോമിനേറ്റേഴ്സ്, യുണൈറ്റഡ് ബോട്ട് ക്ലബ്, കുട്ടമംഗലം)(3.14.66 മിനിറ്റ്) നാലാമതും, അപ്രതീക്ഷിത കുതിപ്പുമായി (3.15.10 മിനിറ്റ്) വില്ലേജ് ബോട്ട് ക്ലബ് എടത്വ തുഴഞ്ഞ ഗബ്രിയേല്‍ (ബാക്ക് വാട്ടര്‍ നൈറ്റ്സ്) അഞ്ചാമതും ഫിനിഷ് ചെയ്തു. കുമരകത്തെ വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം (പ്രൈഡ് ചേസേഴ്സ്) ആറാമതും(3.17.91 മിനിറ്റ്) കെബിസി/എസ്എഫ്ബിസി കുമരകം തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (തണ്ടര്‍ ഓര്‍സ്) (3.26.87 മിനിറ്റ്) ഏഴാമതുമെത്തി.
ബ്രദേഴ്സ് ബോട്ട് ക്ലബ്, എടത്വ തുഴഞ്ഞ സെന്‍റ് ജോര്‍ജ് (ബാക്ക് വാട്ടര്‍ നിന്‍ജ) 3.28.35 മിനിറ്റ് കൊണ്ട് എട്ടാമതും, ടൗണ്‍ ബോട്ട് ക്ലബ് കുമരകം തുഴഞ്ഞ പായിപ്പാടന്‍ (ബാക്ക് വാട്ടര്‍ വാരിയേഴ്സ്)(3.29.67 മിനിറ്റ്) ഒമ്പതാമതും ഫിനിഷ് ചെയ്തു.
പിറവം പ്രാദേശിക വള്ളംകളി എംഎല്‍എ അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി. ബാല കിരണ്‍ സി.ബി.എല്‍ നാലാം മത്സരം ഉദ്ഘാടനം ചെയ്തു. എം. പി തോമസ് ചാഴികാടന്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. പിറവം നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.എൻ സുഗതൻ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ മുൻ എം.എൽ.എ എം.ജെ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
ഹീറ്റ്സില്‍ മൂന്നു വീതം ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിക്കുന്നത്. ഹീറ്റ്സില്‍ ഒന്നാമതെത്തിയ മൂന്നു ടീമുകള്‍ അതത് മത്സരദിവസത്തെ ഫൈനലില്‍ തുഴയും. ഓരോ മത്സരങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, ഒരു ലക്ഷം രൂപ വീതം സമ്മാനത്തുക ലഭിക്കും. പുറമെ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും നാല് ലക്ഷം രൂപ വീതവും ലഭിക്കും.
ഒന്നാം സ്ഥാനക്കാര്‍ക്ക് പത്തു പോയിന്‍റും രണ്ട് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനക്കാര്‍ക്ക് യഥാക്രമം എട്ടു മുതല്‍ ഒന്നുവരെയുമാണ് പോയിന്‍റ് ലഭിക്കുന്നത്. മറൈന്‍ ഡ്രൈവ്, കൊച്ചി (ഒക്ടോബര്‍ 5), കോട്ടപ്പുറം, തൃശൂര്‍ (ഒക്ടോബര്‍ 12), പൊന്നാനി, മലപ്പുറം (ഒക്ടോബര്‍ 19), കൈനകരി, ആലപ്പുഴ (ഒക്ടോബര്‍ 26), പുളിങ്കുന്ന്, ആലപ്പുഴ (നവംബര്‍ 2), കായംകുളം, ആലപ്പുഴ (നവംബര്‍ 9), കല്ലട, കൊല്ലം (നവംബര്‍ 16), പ്രസിഡന്‍റ്സ് ട്രോഫി വള്ളം കളി, കൊല്ലം (നവംബര്‍ 23) എന്നിങ്ങനെയാണ് ശേഷിക്കുന്ന മത്സരങ്ങള്‍.
ബുക്ക് മൈ ഷോ വഴി ഓണ്‍ലൈനായി ടിക്കറ്റുകള്‍ ലഭിക്കുന്നതാണ്. ഇതു കൂടാതെ മത്സരവേദികളില്‍ 20 ടിക്കറ്റ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. 200 രൂപ മുതല്‍ 2000 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകള്‍. സ്റ്റാര്‍ സ്പോര്‍ട്സ് 2, സ്റ്റാര്‍ സ്പോര്‍ട്സ് 2 എച്ച്.ഡി, സ്റ്റാര്‍ സ്പോര്‍ട്സ് 1 തമിഴ്, ഏഷ്യാനെറ്റ് വേള്‍ഡ് വൈഡ്, ഏഷ്യാനെറ്റ് പ്ലസ്, ഹോട്ട്സ്ററാര്‍, എന്നീ ചാനലുകളില്‍ വൈകീട്ട് നാലു മുതല്‍ അഞ്ച് വരെ മത്സരങ്ങള്‍ തത്സമയം കാണാം.
