വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും ആകര്‍ഷിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പട്ടികജാതി – പട്ടികവര്‍ഗ – പിന്നാക്കക്ഷേമ – നിയമ- സാംസ്‌കാരിക – പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. മന്ത്രിയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് പുളിനെല്ലി ഗവ. ലോവര്‍ പ്രൈമറി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കോട്ടായി പഞ്ചായത്ത് പ്രസിഡന്റ് പി.പ്രീത പരിപാടിയില്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ അഡ്വ. കെ ശാന്തകുമാരി പരിപാടിയില്‍ മുഖ്യാതിഥിയായി. കോട്ടായി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.സത്യഭാമ ആമുഖ പ്രഭാഷണം നടത്തി. കുഴല്‍മന്ദം ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി.ലളിതമേനോന്‍, കോട്ടായി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.കുഞ്ഞിലക്ഷ്മി, വി.കെ സുരേന്ദ്രന്‍, വാര്‍ഡ് മെമ്പര്‍മാരായ എ.സതീഷ്, സി.ആര്‍ ദീപ, ടി.എ ബിന്ദു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.