പത്തനംതിട്ട: ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തിലെ ജി. എം. സി. ബാലയോഗി ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട സദസിനെ സാക്ഷിയാക്കി സെപ്റ്റംബര്‍ 20ന് പാര്‍ലമെന്ററി കാര്യ മന്ത്രി അര്‍ജുന്‍ റാം മെഘ്‌വാളില്‍ നിന്നും ദേശീയ യൂത്ത്പാര്‍ലമെന്റ് വിജയികള്‍ക്കുള്ള ട്രോഫിയും പ്രശംസ്തിപത്രവും പ്രിന്‍സിപ്പാള്‍ ആര്‍.ജി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള 56 അംഗ സംഘം ഏറ്റുവാങ്ങിയ ചരിത്ര നിമിഷം വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തിന്റെ സ്വപ്ന സാഫല്യത്തിന്റെയും നിമിഷമായി.
പാര്‍ലമെന്ററി കാര്യമന്ത്രാലയം ആതിഥ്യം വഹിച്ച ചടങ്ങില്‍ അന്റോ ആന്റണി എംപി,  നവോദയ വിദ്യാലയ സമിതി കമ്മീഷണര്‍ ശ്രീ. ബിശ്വജിത് കുമാര്‍ സിംഗ് തുടങ്ങി ഒട്ടേറേ പ്രമുഖര്‍ പങ്കെടുത്തു.
കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലെ നവോദയ വിദ്യാലയങ്ങള്‍ക്കായി സംഘടിപ്പിച്ച യൂത്ത്പാര്‍ലമെന്റ് മത്സരങ്ങളില്‍ രാജ്യത്തെ എട്ടു മേഖലകളില്‍ നിന്നുള്ള വിവിധ സകൂളുകളെ പിന്തള്ളിയാണ് വെച്ചൂച്ചിറ നവോദയ വിദ്യാലയം ഈ നേട്ടം കരസഥമാക്കിയത്.
പ്രിന്‍സിപ്പലിന്റെയും അദ്ധ്യാപകരായ കെ.ജെ.തോമസ്, ജോണ്‍ ജോസഫ്, പി.എം.മാത്യു, തുടങ്ങിയവരുടെയും  നേതൃത്വത്തില്‍ നല്‍കിയ മികവാര്‍ന്ന പരിശീലനമാണ് രണ്ടുവര്‍ഷത്തോളം നീണ്ട മത്സരപരമ്പരകള്‍ക്കൊടുവില്‍ വിദ്യാര്‍ഥികള്‍ക്ക് വിജയകിരീടമണിയാന്‍ സഹായകമായത്.