പാലക്കാട്: പെണ്‍കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം ലഭ്യമാക്കാതെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിപ്പിക്കുന്ന പ്രവണത  വര്‍ധിച്ചുവരുന്നതായും  ഇതിനെതിരെ ശക്തമായ പ്രതിരോധം സ്ത്രീകളുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും വനിതാ കമ്മീഷന്‍ അംഗം ഇ.എം. രാധ പറഞ്ഞു. വിവാഹിതയായി പിന്നീട് ഭര്‍ത്താവ് ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലയില്‍ വ്യാപകമായ സാഹചര്യത്തില്‍ ഈ പ്രവണതയ്‌ക്കെതിരെ ബോധവത്ക്കരണം അനിവാര്യമാണെന്ന് കമ്മീഷന്‍ ഓര്‍മിപ്പിച്ചു.

ഒരു ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പാലക്കാട് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം മേല്‍നടപടികള്‍ക്ക് വിടുമെന്ന് കമ്മീഷന്‍ അറിയിച്ചു. ചില പരാതികളില്‍ ബന്ധപ്പെട്ട കക്ഷികള്‍ ഹാജരാകാത്തതും കൃത്യമായ തെളിവുകള്‍ ഇല്ലാത്തതും തുടര്‍നടപടികള്‍ക്കായി അടുത്ത സീറ്റിങ്ങിലേക്ക് മാറ്റി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍  കുടുംബ പ്രശ്‌നങ്ങളും സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും ലഭിച്ചത്. സിറ്റിങില്‍ പരിഗണിച്ച 82 പരാതികളില്‍ 26 എണ്ണം തീര്‍പ്പാക്കി. 12 പരാതികളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും  44 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റുകയും ചെയ്തു. വനിതാ കമ്മീഷന്‍ അംഗം ഇ.എം.  രാധയുടെ അധ്യക്ഷതയില്‍ നടന്ന മെഗാ അദാലത്തില്‍ അഡ്വ. ഷിജി ശിവജി, വിമന്‍സ് കമ്മീഷന്‍ ഡയറക്ടര്‍ വി. യു. കുര്യാക്കോസ്, അഭിഭാഷകാരായ എം. എല്‍. ലക്ഷ്മി, കെ.എം വിജയലക്ഷ്മി, ടി. ശോഭന, എ. അഞ്ജന എന്നിവര്‍ പങ്കെടുത്തു.