ഗാന്ധിജയന്തി വാരം ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ശുചീകരണം, ഫോട്ടോപ്രദര്‍ശനം, രേഖാചിത്രരചനാ മത്സരം, സാഹിത്യമത്സരങ്ങള്‍, പ്രശ്നോത്തരി, മെഡിക്കല്‍ ക്യാമ്പ്, സെമിനാര്‍, പുസ്തകശേഖരണം തുടങ്ങിയ പരിപാടികളാണ് വാരാചരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്, ഹരിതകേരള മിഷന്‍, ശുചിത്വമിഷന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, നാഷണല്‍ സര്‍വീസ് സ്കീം, കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍, സര്‍വീസ് സംഘടനകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, തിരുവാങ്കുളം മഹാത്മ, ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ എന്നിവ സംയുക്തമായാണ് പരിപാടികള്‍ക്ക് രൂപം നല്‍കിയത്.

വാരാചരണത്തോടനുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ട് രാവിലെ ഒന്‍പതു മണിക്ക് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് നിര്‍വഹിക്കും. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിക്കും. ഹരിതകേരള മിഷന്‍, ശുചിത്വമിഷന്‍, കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കാളികളാകും. സിവില്‍ സ്റ്റേഷന്‍ വളപ്പും ഓഫീസുകളും ശുചീകരിക്കും. ജില്ലയിലെ താലൂക്ക് ആസ്ഥാനങ്ങളിലും ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനങ്ങളിലും ഇതൊടൊപ്പം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കും.

ഉച്ചയ്ക്ക് 1.30ന് തിരുവാങ്കുളത്ത് തൃപ്പൂണിത്തുറ നഗരസഭ മേഖലാ ഓഫീസ് ഹാളില്‍ ചേരുന്ന ഗാന്ധി അനുസ്മരണ സമ്മേളനം അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹനദാസ് മുഖ്യപ്രഭാഷണം നടത്തും. ഗാന്ധിയുടെ 150-ാമത് ജന്മവാര്‍ഷികാചരണത്തെ സൂചിപ്പിച്ച് വൈകിട്ട് ഏഴു മണിക്ക് മേഖലാ ഓഫീസ് വളപ്പില്‍ 150 ചെരാതുകളുടെ ദീപക്കാഴ്ച്ച ഒരുക്കും.

ഒക്ടോബര്‍ മൂന്ന് രാവിലെ പത്തിന് തൃപ്പൂണിത്തുറ എന്‍.എസ്.എസ് വനിതാ കോളേജില്‍ ഗാന്ധിജിയുടെ ജീവിതയാത്രയെ ആസ്പദമാക്കിയുള്ള ഫോട്ടോപ്രദര്‍ശനം കേന്ദ്ര സര്‍ക്കാരിന്‍റെ ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോയുമായി സഹകരിച്ച് സംഘടിപ്പിക്കും. 11 മണിക്ക് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ശുചിത്വ സെമിനാര്‍.

ഒക്ടോബര്‍ നാലിന് വൈകിട്ട് അഞ്ചിന് തിരുവാങ്കുളം തുടര്‍വിദ്യാകേന്ദ്രത്തില്‍ ജില്ലയിലെ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസം, കയ്യെഴുത്ത് മത്സരങ്ങള്‍. വിഷയം – വനം, വന്യജീവി, പരിസ്ഥിതി സംരക്ഷണം. ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് അഞ്ചു മണിക്ക് കേശവന്‍പടി എന്‍. വാസുപിള്ള സ്മാരകഹാളില്‍ ഗാന്ധിജിയുടെ രേഖാചിത്രരചനാ മത്സരം. ഒക്ടോബര്‍ ആറിന് ഉച്ചയ്ക്ക് 1.30ന് തിരുവാങ്കുളത്ത് നഗരസഭാ മേഖലാ ഓഫീസ് ഹാളില്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, പ്രസംഗ മത്സരങ്ങള്‍. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 9847288361 എന്ന നമ്പറില്‍ ബന്ധപ്പെടണം.

വാരാചരണത്തിന്‍റെ ഭാഗമായി ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ 5 വരെ ഗാര്‍ഹിക സര്‍വെ നടത്തും. രണ്ട് മുതല്‍ ഏഴ് വരെ ശുചിത്വ ഗ്രാമസഭകള്‍ ചേരും. പാറക്കടവ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്തുകളില്‍ പ്ലാസ്റ്റിക് വിരുദ്ധ ഭാരതം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒക്ടോബര്‍ ഒന്നിന് തുടക്കം കുറിക്കും. ഒക്ടോബര്‍ രണ്ടി പ്ലാസ്റ്റിക് ശേഖരണ യജ്ഞം. മൂന്ന് മുതല്‍ 27 വരെ പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ പുനഃചംക്രമണത്തിനും ശാസ്ത്രീയ സംസ്കരണത്തിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കും.