മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനും ക്ഷേമത്തിനും സർക്കാർ ഒപ്പമുണ്ടെന്ന് ആരോഗ്യ-സാമൂഹ്യനിതി വകുപ്പ് മന്ത്രി കെ.കെ ശൈലജ. കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ നടന്നുവരികയാണ്. തങ്ങളുടെ രക്ഷിതാക്കളെ സുരക്ഷിതമായി പരിപാലിക്കേണ്ടത് ഓരോ മക്കളുടെയും കടമയാണെന്നും മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി സാമൂഹിക നീതിവകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല വയോജന ദിനാചരണം വഴുതക്കാട് സഹകരണ എംപ്ലോയീസ് ഭവൻ സൊസൈറ്റി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്വയംപ്രഭ പദ്ധതിയുടെ ഭാഗമായി 14 ജില്ലകളിലും ഓർഡ് ഏജ് ഹോമുകൾ നവീകരിച്ചു. പകൽ വീടുകളെയും പദ്ധതിയുടെ ഭാഗമാക്കാൻ വകുപ്പിനായി. മുതിർന്നവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച വയോമിത്രം പദ്ധതി മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി സർക്കാർ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ് അധ്യക്ഷത വഹിച്ചു. കൊല്ലം സബ് കളക്ടർ അനുപം മിശ്ര, കെ.എസ്.എസ്.എം എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അഷീൽ, സംസ്ഥാന വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.