കൊച്ചി: മഹാത്മാ ഗാന്ധിയുടെ ആശയങ്ങളും വാക്കുകളും കാലാതിവര്‍ത്തിയാണെന്നും അവ ഉൾക്കൊണ്ട് പുതുതലമുറ മുന്നോട്ട് പോകണമെന്നും അൻവർ സാദത്ത് എം.എൽ.എ. തിരുവാങ്കുളത്ത് തൃപ്പൂണിത്തുറ നഗരസഭ സോണൽ ഓഫീസിൽ ഗാന്ധിജിയുടെ 150-ാം ജന്മവാർഷികാഘോഷത്തിന്‍റെ ജില്ലാതല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നു പറയുക മാത്രമല്ല ജീവിതത്തിലൂടെ ഗാന്ധിജി അതു വ്യക്തമാക്കുകയും ചെയ്തു. മതേതര വിരുദ്ധ ശക്തികളെ പ്രതിരോധിക്കാൻ പുതുതലമുറയ്ക്ക് കഴിയണം. തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ജനാധിപത്യ, മതേതര മൂല്യങ്ങളെ തകർക്കുന്ന പ്രചരണങ്ങളെ പുതു തലമുറ തിരിച്ചറിയണം. സ്വന്തം ഭാഷയിൽ അഭിമാനിക്കാനാണ് ഗാന്ധിജി പറഞ്ഞത്. എന്നാൽ ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുന്നു. വർഷങ്ങൾക്ക് മുൻപ് ഗാന്ധിജി ശുചീകരണത്തിന് പ്രാധാന്യം നൽകി. ഇന്ന് നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്നം മാലിന്യ കൂമ്പാരമാണ്. എല്ലാ മതങ്ങളുടെയും സാരാംശം സ്നേഹമാണ്. നിങ്ങളുടെ വിശ്വാസത്തിൽ ഉറച്ചു നിൽക്കാനാണ് ഗാന്ധിജി പറഞ്ഞത്. സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാനും നന്മ ചെയ്യാനും ഗാന്ധിയൻ ആദർശങ്ങൾ പ്രേരകശക്തിയാകണമെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധി അനുസ്മരണത്തിന്റെ ഭാഗമായുള്ള ഗാന്ധി ചിത്രപ്രദർശനം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുവാങ്കുളം മേഖലയിൽ നിന്ന് എസ്.എസ്. എൽ.സി, സിബിഎസ്ഇ, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള എവർ റോളിംഗ് ട്രോഫി സമ്മാനിച്ചു. പി.ഡി. സെബാസ്റ്റ്യൻ, സപ്ലൈകോ സ്റ്റേറ്റ് ജനറൽ മാനേജർ ആർ. രാം മോഹൻ, തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ ചന്ദ്രിക ദേവി, ഫീൽഡ് ഔട്ട് റീച്ച് ബ്യുറോ ഫീൽഡ് എക്സ്റ്റൻഷൻ ഓഫീസർ എൽ.സി. പൊന്നുമോൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ, ശുചിത്വമിഷൻ ഫാക്കൽറ്റി വേണുഗോപാൽ, എം. രഞ്ജിത് കുമാര്‍, സുരേഷ് ശ്രീധരൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. സാജു, വി.ജെ. ജോബ്, മാത്യു ജോസഫ്, ആർ. കൃഷ്ണാനന്ദ് തുടങ്ങിയവർ പങ്കെടുത്തു.

ഗാന്ധിജയന്തി വാരാഘോഷത്തിന്‍റെ ഭാഗമായി തൃപ്പൂണിത്തുറ എന്‍.എസ്.എസ് വനിതാ കോളേജില്‍ ഇന്നു രാവിലെ പത്തു മുതല്‍ ഗാന്ധിചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും. 11ന് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ശുചിത്വ സെമിനാര്‍. നാളെ (ഒക്ടോ 4) വൈകിട്ട് അഞ്ചിന് തിരുവാങ്കുളം തുടര്‍വിദ്യാകേന്ദ്രത്തില്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വനം, വന്യജീവി, പരിസ്ഥിതി സംരക്ഷണത്തെ ആസ്പദമാക്കി ഉപന്യാസം, കയ്യെഴുത്ത് മത്സരങ്ങള്‍ നടക്കും. ഒക്ടോബര്‍ ആറിന് ഉച്ചയ്ക്ക് 1.30ന് നഗരസഭ സോണല്‍ ഓഫീസ് ഹാളില്‍ ക്വിസ്, പ്രസംഗമത്സരം. കൂടുതല്‍ വിവരങ്ങള്‍ക്ക് – 9847288361